തിരുവനന്തപുരം: കേരളത്തിന്റെ ഔദ്യോഗിക പേര് 'കേരളം' എന്നാക്കി മാറ്റുന്നതിനായി നിയമസഭ പാസാക്കിയ പ്രമേയത്തെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പേര് മാറ്റുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചു.(BJP supports the resolution passed by the Assembly regarding the name 'Kerala')
'കേരളം' എന്നത് കേവലം ഒരു പേരല്ലെന്നും മലയാളിയുടെ രാഷ്ട്രീയവും സാംസ്കാരികവുമായ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. സാഹിത്യത്തിലും ചരിത്രത്തിലും 'കേരളം' എന്ന പേര് നിലനിന്നിട്ടും ബ്രിട്ടീഷുകാരുടെ സ്വാധീനം മൂലമാണ് അത് 'കേരള' ആയി മാറിയതെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
മലയാളത്തിൽ സംസ്ഥാനത്തെ കേരളം എന്ന് വിളിക്കുമ്പോഴും ഇംഗ്ലീഷ് ഔദ്യോഗിക രേഖകളിൽ ഇപ്പോഴും 'ഗവൺമെന്റ് ഓഫ് കേരള' എന്ന് ഉപയോഗിക്കുന്നത് മാറണമെന്നും എല്ലാ ഭാഷകളിലും പേര് ഏകീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. 2024 ജൂണിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഈ പ്രമേയം അവതരിപ്പിച്ചത്. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് ഭേദഗതി ചെയ്യാൻ കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം സഭ ഐകകണ്ഠ്യേന പാസാക്കിയിരുന്നു.