പാലക്കാട്: യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. പങ്കെടുത്ത പരിപാടിയിൽ സംബന്ധിച്ച സംഭവത്തിൽ പാലക്കാട് ബി.ജെ.പി. നഗരസഭ അധ്യക്ഷ പ്രമീള ശശിധരനോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടി. പരിപാടിയിൽ പങ്കെടുത്തതിൻ്റെ കാരണം വ്യക്തമാക്കാനാണ് നിർദേശം. സംഭവത്തിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനും അതൃപ്തി അറിയിച്ചു.(BJP seeks explanation from Palakkad Municipality chairperson for sharing stage with Rahul Mamkootathil )
പ്രമീളയ്ക്കെതിരെ ശക്തമായ നടപടി വേണമെന്ന് മുതിർന്ന നേതാവ് സി. കൃഷ്ണകുമാറും ജില്ലാ അധ്യക്ഷനും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രമീള നഗരസഭ അധ്യക്ഷ സ്ഥാനം രാജിവെക്കണമെന്നാണ് ജില്ലാ നേതൃയോഗത്തിൽ കൃഷ്ണകുമാർ പക്ഷം ആവശ്യപ്പെട്ട പ്രധാന നിർദ്ദേശം.
പൊതുജനമധ്യത്തിൽ വെച്ച് തെറ്റ് ഏറ്റുപറയണമെന്നും ഈ വിഭാഗം ആവശ്യപ്പെടുന്നു. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കടുത്ത നടപടികൾ സ്വീകരിക്കുന്നത് തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്ന് പാർട്ടിക്കുള്ളിലെ മറ്റൊരു വിഭാഗം മുന്നറിയിപ്പ് നൽകുന്നു.
ബി.ജെ.പി.യിലെ വിഭാഗീയതയും നിലവിലെ വിവാദവും മുതലെടുക്കാനൊരുങ്ങി കോൺഗ്രസ് രംഗത്തെത്തി. പ്രമീള ശശിധരനെ കോൺഗ്രസിൽ എത്തിക്കാനാണ് നേതൃത്വത്തിൻ്റെ നീക്കം. ഇതിന്റെ ഭാഗമായി പാലക്കാട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രമീള ശശിധരനെ പാർട്ടിയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.
വിവാദങ്ങളോട് പ്രതികരിച്ച പ്രമീള ശശിധരൻ, വികസന പ്രവർത്തനമെന്ന നിലയിലാണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് വിശദീകരണം നൽകിയത്. പാർട്ടി എന്ത് നടപടിയെടുത്താലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.