BJP : ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദം : സർക്കാരിനെ വെല്ലുവിളിച്ച് BJP, ഒക്ടോബർ 7ന് ക്ലിഫ് ഹൗസിലേക്ക് മാർച്ച്

സർക്കാരിന് ഒന്നും പേടിക്കാനില്ലെങ്കിൽ സി ബി ഐ അന്വേഷിക്കണമെന്നും, അല്ലെങ്കിൽ ബിജെപി കോടതിയെ സമീപിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
BJP on Sabarimala gold case
Published on

തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ സർക്കാരിനെ വെല്ലുവിളിച്ച് ബി ജെ പി. ഒക്ടോബർ ഏഴിന് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തും. ഇക്കാര്യം അറിയിച്ചത് പി കെ കൃഷ്ണദാസ് ആണ്. സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതിഷേധം കത്തിപ്പുകയുകയാണ്. (BJP on Sabarimala gold case)

സർക്കാരിന് ഒന്നും പേടിക്കാനില്ലെങ്കിൽ സി ബി ഐ അന്വേഷിക്കണമെന്നും, അല്ലെങ്കിൽ ബിജെപി കോടതിയെ സമീപിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിൽ സ്വര്‍ണ മോഷണമാണ് നടന്നത് എന്നും, സ്പോൺസർഷിപ്പിന് പിന്നിൽ കോടികളുടെ കൊള്ള നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ വിചിത്രമായ വാദവുമായി ഉണ്ണിക്കൃഷ്ണൻ പോറ്റി രംഗത്തെത്തി. ശിൽപ്പങ്ങളിൽ ഉള്ളത് സ്വർണ്ണമല്ലെന്നും, സ്വർണ്ണ നിറത്തിലെ പെയിൻ്റ് ആയിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. നിറം മങ്ങിയതിനാലാണ് സ്വർണ്ണം പൂശാനായി തന്നെ ഏൽപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തനിക്ക് കിട്ടിയത് പെയിൻറടിച്ച ചെമ്പ് പാളി ആയിരുന്നുവെന്നും, അതിനാലാണ് നിറംമങ്ങുന്നതെന്ന് ദേവസ്വം അധികൃതർ തന്നോട് പറഞ്ഞിരുന്നുവെന്നും ഉണ്ണിക്കൃഷ്ണൻ പോറ്റി പ്രമുഖ മാധ്യമത്തോട് പറഞ്ഞു. താൻ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചത് സന്നിധാനത്ത് നിന്ന് കിട്ടിയ അതേ ചെമ്പുപാളി ആണെന്നും, പെയിന്റ് നീക്കം ചെയ്താണ് സ്വർണ്ണം പൂശിയതെന്നും അദ്ദേഹം വാദിക്കുന്നു. ശില്പങ്ങളിൽ സ്വർണ്ണം പൂശിയത് താനും മറ്റു രണ്ടു പേരും ചേർന്ന് നൽകിയ സ്വർണ്ണം ഉപയോഗിച്ചാണെന്നും അദ്ദേഹം അവകാശവാദം ഉന്നയിച്ചു.

ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വാദങ്ങൾ പൊളിയുന്നു. ദ്വാരപാലക ശിൽപ്പത്തിൽ 1999ൽ സ്വർണ്ണം പൂശിയെന്നാണ് ദേവസ്വം രജിസ്റ്ററിലും മഹാസാറിലും പറഞ്ഞിരിക്കുന്നത്. ഇത് 1999 മെയ് 4 നാണ് എന്നാണ് രേഖകൾ. ഇത് ദേവസ്വം കമ്മീഷണറുടെ ഉത്തരവനുസരിച്ചാണ്. ഇക്കാര്യം സ്ഥിരീകരിച്ചത് ദേവസ്വം വിജിലൻസ് കണ്ടെത്തിയ രേഖകളിലൂടെയാണ്.

തനിക്ക് ലഭിച്ചത് ചെമ്പെന്ന ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വാദമാണ് ഇതോടെ പൊളിഞ്ഞത്. അതേസമയം, തന്നോട് ഉണ്ണിക്കൃഷ്ണൻ പോറ്റി ഒരു രൂപ പോലും ചോദിച്ചില്ല എന്ന് പറഞ്ഞ് നടൻ ജയറാം രംഗത്തെത്തി. അയ്യപ്പന്റെ സമ്മാനമായി കരുതിയാണ് പൂജയിൽ പങ്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്യം പുറത്ത് വരട്ടെയെന്നും നടൻ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com