ആലപ്പുഴ: ജില്ലയിലെ തദ്ദേശ ഭരണസാരഥികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിൽ നിർണ്ണായക നേട്ടവുമായി ബിജെപി. കഴിഞ്ഞ തവണ രണ്ട് പഞ്ചായത്തുകളിൽ മാത്രം ഭരണമുണ്ടായിരുന്ന ബിജെപി ഇത്തവണ ആറ് പഞ്ചായത്തുകളിലാണ് അധികാരം പിടിച്ചെടുത്തത്. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ചില സുപ്രധാന കേന്ദ്രങ്ങൾ പിടിച്ചെടുത്താണ് ബിജെപി ഈ നേട്ടം കൈവരിച്ചത്.(BJP makes huge progress in Alappuzha, Takes power in 6 panchayats)
ആലാ പഞ്ചായത്ത് പ്രസിഡന്റായി അനീഷാ ബിജുവും ബുധനൂർ പഞ്ചായത്തിൽ പ്രമോദ് കുമാറും തിരഞ്ഞെടുക്കപ്പെട്ടു. കാർത്തികപ്പള്ളിയിൽ പി. ഉല്ലാസനും തിരുവൻവണ്ടൂർ പഞ്ചായത്തിൽ സ്മിതാ രാജേഷുമാണ് അധ്യക്ഷ പദവിയിലെത്തിയത്. കൂടാതെ പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റായി ജിജി കുഞ്ഞുകുഞ്ഞും ചെന്നിത്തല - തൃപ്പെരുന്തുറ പഞ്ചായത്തിൽ ബിനുരാജും തിരഞ്ഞെടുക്കപ്പെട്ടു.
ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങളാണ് ഇത്തവണ പ്രകടമായത്. കഴിഞ്ഞ തവണ എൽഡിഎഫ് ഭരണത്തിലായിരുന്ന ആലാ, ബുധനൂർ പഞ്ചായത്തുകൾ ബിജെപി പിടിച്ചെടുത്തു. തിരുവൻവണ്ടൂർ പഞ്ചായത്തിൽ കഴിഞ്ഞ തവണ സ്വതന്ത്രന്റെ പിന്തുണയോടെയായിരുന്നു എൽഡിഎഫ് ഭരണമെങ്കിൽ ഇത്തവണ ബിജെപി ഒറ്റയ്ക്ക് അധികാരം ഉറപ്പിച്ചു. യുഡിഎഫിന്റെ കൈവശമുണ്ടായിരുന്ന പാണ്ടനാട് പഞ്ചായത്തിലും ഇത്തവണ ബിജെപി അധ്യക്ഷ പദവിയിലെത്തി.
ആകെ 72 പഞ്ചായത്തുകളുള്ള ജില്ലയിൽ ബിജെപി നേടിയ ഈ വിജയം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. മിക്ക പഞ്ചായത്തുകളിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറാൻ ബിജെപിക്ക് സാധിച്ചു.