തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയപ്രതീക്ഷയുള്ള വട്ടിയൂർക്കാവ് മണ്ഡലത്തിനായി പാർട്ടിയിലെ പ്രമുഖ നേതാക്കൾ തമ്മിൽ വടംവലി രൂക്ഷമാകുന്നു. മുൻ ഡിജിപി ആർ. ശ്രീലേഖ, മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എന്നിവർക്ക് പിന്നാലെ നടനും പാർട്ടി നേതാവുമായ ജി. കൃഷ്ണകുമാറും മണ്ഡലത്തിൽ താല്പര്യം പ്രകടിപ്പിച്ചു രംഗത്തെത്തി.(BJP leaders target and come after Vattiyoorkavu for the Assembly elections)
25 വർഷമായി താൻ താമസിക്കുന്നതും പ്രവർത്തിക്കുന്നതുമായ മണ്ഡലമാണ് വട്ടിയൂർക്കാവെന്നും അതുകൊണ്ട് തന്നെ അവിടെ മത്സരിക്കാനാണ് താല്പര്യമെന്നും കൃഷ്ണകുമാർ വ്യക്തമാക്കി. പാർട്ടിയുടെ അന്തിമ തീരുമാനം അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷന്റെ ഭാഗമായ വട്ടിയൂർക്കാവിൽ സമീപകാല തിരഞ്ഞെടുപ്പുകളിൽ ബിജെപി നടത്തിയ മുന്നേറ്റമാണ് നേതാക്കളെ ഇവിടേക്ക് ആകർഷിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ശശി തരൂരിനേക്കാൾ എണ്ണായിരത്തിലധികം വോട്ടിന്റെ ലീഡ് നേടി ഒന്നാമതെത്തിയിരുന്നു. ഇവിടെ എൽഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നു.