തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നതിനും ഘടനയിൽ മാറ്റങ്ങൾ വരുത്തുന്നതിനുമായി കേന്ദ്രം കൊണ്ടുവന്ന 'വിബി ജി റാം ജി ബില്ലി'നെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എം.ബി. രാജേഷ്. ബിൽ 'തൊഴിലുറപ്പ് പദ്ധതിക്ക് അന്ത്യം കുറിക്കുന്നതാണ്' എന്നും, കോടിക്കണക്കിന് ആളുകളുടെ ഉപജീവനത്തിന് നേരെയുള്ള യുദ്ധമാണിതെന്നും മന്ത്രി ആരോപിച്ചു.(BJP is trying to sabotage the employment scheme, says Minister MB Rajesh)
എം.ജി.എൻ.ആർ.ഇ.ജി.എ. പദ്ധതി അന്നത്തെ യു.പി.എ. സർക്കാർ നടപ്പിലാക്കിയത് ഇടതുപക്ഷത്തിന്റെ സമ്മർദ്ദത്തെ തുടർന്നാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതി അട്ടിമറിക്കാൻ ബി.ജെ.പി. ശ്രമിച്ചുവരികയാണ്, അതിന്റെ ഭാഗമാണ് പാർലമെന്റിൽ അവതരിപ്പിച്ച പുതിയ ബിൽ. "തൊഴിലുറപ്പ് പദ്ധതിയുടെ വേതനത്തിന്റെ 40 ശതമാനം സംസ്ഥാനത്തിന്റെ തലയിൽ വച്ചു. ഇത് സംസ്ഥാനത്തിന് 1600 കോടി രൂപയുടെ അധിക ബാധ്യതയാണ് വരുത്തുന്നത്. വ്യവസ്ഥയും തീരുമാനങ്ങളും കേന്ദ്രം എടുക്കും; പണം സംസ്ഥാനം നൽകണം. ഇത് സംസ്ഥാന അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണ്."
നിലവിൽ തന്നെ കേന്ദ്രത്തിൽ നിന്ന് 826.9 കോടി രൂപ കുടിശ്ശികയായി ലഭിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതലും പണിയെടുക്കുന്നത് സ്ത്രീകളാണ്. അതിനാൽ ഈ നീക്കം സ്ത്രീകൾക്കെതിരായ ആക്രമണം കൂടിയാണ്. കാർഷിക സീസണിൽ പ്രവർത്തി നടത്തരുത് എന്നതുൾപ്പെടെയുള്ള മറ്റ് നിർദേശങ്ങൾ 'ഫലത്തിൽ തൊഴിൽ നൽകരുത്' എന്ന ഉദ്ദേശത്തോടെയുള്ളതാണ്.
100 തൊഴിൽ ദിനം 125 ആകുമെന്നത് 'ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ' വേണ്ടിയാണ്. കേന്ദ്ര സർക്കാർ നോട്ടിഫൈ ചെയ്യുന്ന സ്ഥലങ്ങളിൽ മാത്രമേ ഇത് ലഭിക്കൂ. ഇത് പഞ്ചസാരയിൽ പുരട്ടിയ വിഷമാണ്. കേരളത്തിൽ 25 ലക്ഷം തൊഴിലാളികൾ പദ്ധതിയിൽ ജോലി ചെയ്യുന്നുണ്ട്. ബഹുഭൂരിപക്ഷവും സ്ത്രീകളാണെന്നും മന്ത്രി വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നതിനെതിരെ കർഷക സമരത്തിന് സമാനമായ സാഹചര്യത്തിലേക്ക് എത്തുമെന്നും കോടിക്കണക്കിന് ആളുകളുടെ തൊഴിൽ നഷ്ടമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബില്ലിനോടുള്ള കോൺഗ്രസിന്റെ സമീപനത്തെയും മന്ത്രി രൂക്ഷമായി വിമർശിച്ചു. "ഇന്നലെ പ്രധാനപ്പെട്ട വിഷയം വന്നപ്പോൾ കോൺഗ്രസ് എം.പി.മാർ പാരഡി പാട്ട് പാടി നിന്നു. വട്ടത്തിൽ നിന്ന് പാരഡി പാട്ട് പാടുന്ന അശ്ലീലത്തിനും സാക്ഷിയായി. പ്രതിപക്ഷ നേതാവും കോൺഗ്രസും പേര് മാറ്റുന്നത് മാത്രമായി വിഷയത്തെ ലളിതവൽക്കരിക്കുന്നു. എല്ലാം പഠിച്ച് പറയുന്ന ആളാണെന്നാണ് പ്രതിപക്ഷ നേതാവിനെക്കുറിച്ച് പറയുന്നത്. അദ്ദേഹത്തിന് പേര് മാറ്റുന്നത് മാത്രമേ ശ്രദ്ധയിൽ പെട്ടുള്ളോ?" ശക്തമായ പ്രതിഷേധം ഉയരുമെന്നും കേരളത്തിൽ ഇത് ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. "കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാൻ കഴിഞ്ഞില്ല. ആ രീതിയിൽ നോക്കിയാൽ തിരിച്ചടിയാണ്. എന്നാൽ 2024-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിനെക്കാൾ മുന്നിലെത്തി. തിരുവനന്തപുരം നഗരത്തിൽ കോൺഗ്രസ് വോട്ടാണ് കുറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"തിരിച്ചടി ഒന്നും കാണാതിരിക്കുന്നില്ല. വലിയ വിജയം ആവർത്തിച്ചില്ല. എപ്പോഴും അതേ രീതിയിൽ മഹാവിജയം ആവർത്തിക്കാൻ കഴിയില്ല. യു.ഡി.എഫ്. മഹാവിജയം നേടിയതാണെന്ന പ്രചാരണം കണക്ക് പുറത്ത് വന്നപ്പോൾ അവസാനിച്ചു." ഐ.എഫ്.എഫ്.കെ.യിൽ ചില സിനിമകൾ നിരോധിച്ച നടപടിയെ മന്ത്രി ശക്തമായി വിമർശിച്ചു. "ഐ.എഫ്.എഫ്.കെ.യിലെ സിനിമ നിരോധനം ഞെട്ടിക്കുന്നതും ലജ്ജിപ്പിക്കുന്നതുമാണ്. ഹിറ്റ്‌ലർ നിരോധിച്ച സിനിമയാണ് 'ബാറ്റൺഷിപ്പ് പോട്ടംകിൻ'. അതേ സിനിമയാണ് മോദി നിരോധിച്ചത്. ഹിറ്റ്‌ലറെപ്പോലെയാവുകയാണ് മോദി."