തിരുവനന്തപുരം: മഹിളാ മോർച്ച നേതാവിന്‍റെ ആത്മഹത്യാ ശ്രമം നിസ്സാരമായ ഒരു കാര്യമല്ലെന്ന് സി.പി.എം. നേതാവും എം.എൽ.എയുമായ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി.യും ആർ.എസ്.എസും എത്ര വലിയ ഫാസിസ്റ്റ് സംഘടനയാണെന്ന് ഇതിലൂടെ നാം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(BJP in the hands of the underworld, says Kadakampally Surendran)
തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ ഇല്ലാതാക്കുന്ന നടപടിയാണ് ബി.ജെ.പി. സ്വീകരിക്കുന്നതെന്ന് കടകംപള്ളി ആരോപിച്ചു. തിരുവനന്തപുരത്തെ ബി.ജെ.പി.ക്കെതിരെ അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചു. തിരുവനന്തപുരത്തെ ബി.ജെ.പി.യെ നയിക്കുന്നത് മണ്ണ് മാഫിയ അടക്കമുള്ള നെക്സസുകളാണ്. അധോലോകത്തിൻ്റെ കൈകളിൽ അമരുന്ന ഒരു ഫാസിസ്റ്റ് പ്രസ്ഥാനമായി തിരുവനന്തപുരത്തെ ബി.ജെ.പി. മാറിയിരിക്കുന്നു.
കാപ്പ കേസിലെ പ്രതിയെ മത്സരിപ്പിക്കാനുള്ള മാനസികാവസ്ഥയിലാണ് നിലവിൽ ആർ.എസ്.എസും ബി.ജെ.പി.യും. തിരുവനന്തപുരം നഗരസഭയിലെ ഉള്ളൂർ വാർഡിൽ സി.പി.എം. വിമതനായി മത്സരിക്കുന്ന ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് കൂടിയായിരുന്ന കെ. ശ്രീകണ്ഠനെ സംബന്ധിച്ച ചോദ്യങ്ങൾക്കും കടകംപള്ളി മറുപടി നൽകി.
"ഉള്ളൂർ വാർഡിൽ ശ്രീകണ്ഠന് മത്സരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വിജയമാണ് ഞങ്ങളുടെ ലക്ഷ്യം. വിജയസാധ്യത ഉള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്, അതും വാർഡ് കമ്മിറ്റി നിർദ്ദേശിക്കുന്നവരെ. ഉള്ളൂരിലെ വാർഡ് കമ്മിറ്റി ശുപാർശ ചെയ്ത ആളെയാണ് നമ്മൾ അംഗീകരിച്ചത്."
സാധാരണഗതിയിൽ സ്വീകരിക്കുന്നതുപോലുള്ള പാർട്ടി നടപടി ശ്രീകണ്ഠനെതിരെ ഉണ്ടാകുമെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് സി.പി.എമ്മിന് വെല്ലുവിളിയായി നിരവധി പേരാണ് വിമതരായി മത്സരിക്കുന്നത് എന്നതിനിടയിലാണ് കടകംപള്ളിയുടെ ഈ പ്രതികരണം.