പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് പാട്ട് പാടിയെന്നാരോപിച്ച് ഹിരൺദാസ് എന്ന റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി ബിജെപി. പാലക്കാട് നഗരസഭാ കൗൺസിലർ മിനി കൃഷ്ണകുമാർ ആണ് പരാതി നൽകിയത്. 'മോദി കപട ദേശീയ വാദി' ആണെന്നതരത്തിൽ പാട്ട് പാടിയതിനെകുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. അഞ്ചുവര്‍ഷം മുന്‍പ് നടന്ന വേടന്‍റെ പരിപാടിയെക്കുറിച്ചാണ് പരാതി നല്‍കിയിട്ടുള്ളത്. വേടന്‍ തെറ്റായ സന്ദേശമാണ് ഈ പാട്ടിലൂടെ പുതുതലമുറക്ക് നല്‍കിയതെന്നും ഇത് രാജ്യത്തിന്‍റെ അഖണ്ഡതയെ ബാധിക്കുമെന്നും പരാതിക്കാരി പറഞ്ഞു.
"പഴയ പാട്ടാണെങ്കിലും അത് ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വേറൊരു രാജ്യത്തായിരുന്നു വേടന്‍ ഈ പാട്ടു പാടിയതെങ്കില്‍ അയാള്‍ ഇന്ന് ജയിലിലാകുമായിരുന്നു. ഹിന്ദു സമൂഹത്തിലെ ജാതീയതയെ വളരെ മോശമായി ചിത്രീകരിച്ച്, തമ്മിലടിപ്പിക്കുകയാണ് വേടന്‍ ചെയ്യുന്നത്. നല്ലൊരു കലാകാരനായിരുന്നുവെങ്കില്‍ ഇത് ചെയ്യില്ലായിരുന്നു. അതുകൊണ്ടാണ് വേടനെതിരെ എന്‍ഐഎക്ക് പരാതി നല്‍കത്." - മിനി കൃഷ്ണകുമാര്‍ പറഞ്ഞു. വേടനെ വേട്ടയാടേണ്ട ഒരു കാര്യവും ആര്‍എസ്എസിനോ, ബിജെപിക്കോ, ഹിന്ദു സമൂഹത്തിനോ ഇല്ലെന്നും അവര്‍ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ആർഎസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യ പത്രാധിപർ എൻ.ആർ മധു വേടനെതിരെ വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ പരാമർശം. വളർന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണ് വേടൻ നടത്തുന്നതെന്നും വേടന്റെ പിന്നിൽ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന സ്‌പോൺസർമാരുണ്ടെന്നും മധു ആരോപിച്ചിരുന്നു.
എന്നാല്‍, താൻ മുമ്പും ഇത്തരം പരാമർശങ്ങൾ കേട്ടിട്ടുണ്ടെന്നും സർവ ജീവികൾക്കും സമത്വം വിചാരിക്കുന്ന അംബേദ്കർ പൊളിറ്റിക്‌സിലാണ് താൻ വിശ്വസിക്കുന്നതെന്നും വേടൻ വ്യക്തമാക്കി. ജാതി ഭീകരത പരാമർശമൊക്കെ കോമഡിയല്ലേ എന്നായിരുന്നു വേടന്റെ പ്രതികരണം.
"എന്തുകൊണ്ടാണ് ഇവർ ഇങ്ങനെ പറയുന്നത് എന്നറിയില്ല. നമ്മൾ പ്രവർത്തിക്കുന്നത് എവിടെയോ ആളുകൾക്ക് കിട്ടുന്നുണ്ട് എന്നതുകൊണ്ടാവാം. നല്ല രീതിയിലാണ് ഇത്തരം വിമർശനങ്ങളെ കാണുന്നത്. ഇനിയും അമ്പലങ്ങളുടെ ഷോ കിട്ടും. ഇനിയും പോയി പാടുകയും ചെയ്യും. വിവാദങ്ങൾ തന്റെ കരിയറിനെ ബാധിച്ചിട്ടുണ്ട്. എല്ലാവർക്കും പേടിയായ പോലെയാണ് തോന്നുന്നത്. ഒരുപാട് കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാം പറയാൻ പറ്റില്ല. ഈ സമയവും കടന്നുപോകും." - വേടൻ പ്രതികരിച്ചു.