കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിർണ്ണായക മുന്നേറ്റം ലക്ഷ്യമിട്ട് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 30 ശതമാനത്തിലധികം വോട്ട് ലഭിച്ച 30 നിയമസഭാ മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ച് എന്തുവിലകൊടുത്തും വിജയം ഉറപ്പാക്കാൻ അദ്ദേഹം പാർട്ടി നേതൃത്വത്തിന് കർശന നിർദ്ദേശം നൽകി. (BJP eyeing 30 seats, Nitin Nabin hatches a strategy)
കൊച്ചി നെടുമ്പാശേരിയിലെ താജ് ഹോട്ടലിൽ നടന്ന സംസ്ഥാന കോർ കമ്മിറ്റി യോഗത്തിലാണ് ബിജെപിയുടെ പുതിയ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകിയത്. ലക്ഷ്യമിട്ടിട്ടുള്ള 30 മണ്ഡലങ്ങളിലും ഒരു മുന്നണിയിലും ഉറച്ചുനിൽക്കാത്ത 10 ശതമാനത്തോളം വോട്ടുകളുണ്ടെന്നും, ഈ നിഷ്പക്ഷ വോട്ടുകൾ എൻഡിഎയിലേക്ക് എത്തിച്ചാൽ വിജയം സുനിശ്ചിതമാണെന്നും നിതിൻ നബിൻ ചൂണ്ടിക്കാട്ടി.
ശബരിമല സ്വർണ്ണക്കൊള്ളയും കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുമാകും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന പ്രചാരണ ആയുധങ്ങൾ. എൽഡിഎഫും യുഡിഎഫും സനാതന ധർമ്മത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും, ഇരു മുന്നണികളുടെയും അഴിമതിയും പ്രീണന രാഷ്ട്രീയവും ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിലായിരുന്നു കോർ കമ്മിറ്റി യോഗം നടന്നത്. തുടർന്ന് എൻഡിഎ ഘടകകക്ഷി നേതാക്കളായ തുഷാർ വെള്ളാപ്പള്ളി, സാബു ജേക്കബ്, എ.വി. താമരാക്ഷൻ തുടങ്ങിയവരുമായി നിതിൻ നബീൻ കൂടിക്കാഴ്ച നടത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് വിഹിതം കുറഞ്ഞ ഇടങ്ങളിൽ കാര്യമായ അഴിച്ചുപണി നടത്താനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഇടതു-വലതു മുന്നണികളുടെ ഐക്യമാണ് ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നത്. വിശ്വാസികളെ വഞ്ചിച്ചവർക്കെതിരെ ബിജെപി ശക്തമായ പ്രതിഷേധം തുടരുമെന്നും അവർക്ക് അർഹമായ ശിക്ഷ വാങ്ങി നൽകാൻ മുന്നിലുണ്ടാകുമെന്നും നിതിൻ നബിൻ വ്യക്തമാക്കി.



