തിരുവനന്തപുരം : വയനാട് ഉരുൾപൊട്ടൽ മേഖലയിലെ പുനരധിവാസത്തിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുമായി ₹260.56 കോടി അനുവദിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ദുരിതബാധിതരായ കുടുംബങ്ങളെ സംബന്ധിച്ച് ഏറെ പ്രതീക്ഷയും ആശ്വാസവും നൽകുന്നൊരു നടപടിയാണിത് എന്നും, കഴിഞ്ഞ ജൂലൈയിലടക്കം മുൻപ് രണ്ട് ഘട്ടങ്ങളിലായി കേന്ദ്ര സർക്കാർ ₹682.5 കോടി അനുവദിച്ചിരുന്നുവെന്നും പറഞ്ഞ അദ്ദേഹം, ഇതിന് പുറമെയാണ് ഇപ്പോഴത്തെ പുതിയ സഹായമെന്നും ചൂണ്ടിക്കാട്ടി.(BJP expresses gratitude towards PM Modi )
അടിസ്ഥാന സൗകര്യങ്ങൾ പുനസ്ഥാപിക്കുന്നതിനൊപ്പം, മേഖലയുടെ ദീർഘകാല വികസനം ഉറപ്പാക്കാനും ഈ ഫണ്ട് ഉപകാരപ്പെടുമെന്നും, കേരളത്തിലെ ജനങ്ങളോടുള്ള നരേന്ദ്ര മോദി സര്‍ക്കാരിൻ്റെ പ്രതിബദ്ധതയുടെ തെളിവാണിത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "വികസനവും കരുതലും കൈകോര്‍ക്കുന്ന നടപടികളാണ് എന്നും കേന്ദ്ര സർക്കാരിൻ്റേത്. സഹായവും പിന്തുണയും ആവശ്യമുള്ളയിടങ്ങളിലേക്ക് ഞങ്ങൾ എത്തിക്കുക തന്നെ ചെയ്യും." രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇതിനു പുറമെ തിരുവനന്തപുരം നഗരത്തിലെ വെള്ളപ്പൊക്കവും വെള്ളക്കെട്ടും പരിഹരിക്കുന്നതിൻ്റെ ഭാഗമായി തലസ്ഥാനത്തെ അർബൻ ഫ്‌ളഡ് റിസ്‌ക് മാനേജ്‌മെന്റ് പ്രോഗ്രാമിലുംഉൾപ്പെടുത്തിയിട്ടുണ്ട് എന്നും, നഗരങ്ങളിലെ വെള്ളപ്പൊക്ക ദുരന്ത നിവാരണത്തിനായി ₹2,444 കോടി ചെലവഴിച്ച് നടപ്പാക്കുന്ന പ്രത്യേക പദ്ധതിയുടെ രണ്ടാമത്തെ ഘട്ടത്തിലാണ് തിരുവനന്തപുരത്തെ ഉഉൾപ്പെടുത്തിയിരിക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു. "ബിജെപിയും കേന്ദ്ര സര്‍ക്കാരും എന്നും കേരളത്തിലെ ജനങ്ങൾക്കൊപ്പമുണ്ട്. എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം, അതാണ് ഞങ്ങളുടെ ലക്ഷ്യം. കൂടെയുണ്ടാവും ബിജെപി." സമൂഹ മാധ്യമത്തിലൂടെ അദ്ദേഹം അറിയിച്ചു.