കോഴിക്കോട്: ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. ഒരു കോടി അയ്യപ്പ ഭക്തരുടെ ഒപ്പ് ശേഖരിച്ച് പ്രധാനമന്ത്രിക്ക് ഭീമഹർജി നൽകുമെന്ന് ബിജെപി ജനറൽ സെക്രട്ടറി എം.ടി. രമേശ് അറിയിച്ചു. ഇതിന്റെ ഭാഗമായി 25 കേന്ദ്രങ്ങളിൽ അയ്യപ്പ സംഗമം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(BJP demands CBI probe into Sabarimala gold theft case)
സ്വർണക്കൊള്ളയുടെ ഗൂഢാലോചനയുടെ ഉറവിടം എ.കെ.ജി. സെന്ററാണ് എന്ന് എം.ടി. രമേശ് ആരോപിച്ചു. നിലവിലെ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിനെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രി പിണറായി വിജയൻ കുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
എൻ. വാസുവിന്റെ ഗോഡ്ഫാദർ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് എൻ. വാസു പ്രസിഡന്റായത്. നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) പരിമിതികളുണ്ട്, കാരണം ഉദ്യോഗസ്ഥർ സംസ്ഥാന സർക്കാരിന് കീഴിലാണ് പ്രവർത്തിക്കുന്നത്.
സ്വർണക്കൊള്ളക്ക് പിന്നിൽ രാജ്യാന്തര റാക്കറ്റാണെന്ന ഹൈക്കോടതിയുടെ നിരീക്ഷണം അതീവ ഗുരുതരമാണ്. ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ല ഇതിന് പിന്നിലുള്ളത്. എന്തുക്കൊണ്ടാണ് എൻ. വാസുവിനെ അറസ്റ്റ് ചെയ്യാത്തതെന്നും, യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താൻ നീക്കം നടക്കുന്നുണ്ടെന്നും എം.ടി. രമേശ് ആരോപിച്ചു.