തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ നടത്തിയ വെളിപ്പെടുത്തലുകൾ ബിജെപി-സിപിഎം അന്തർധാരയുടെ തെളിവാണെന്ന് ജെബി മേത്തർ എംപി. ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ മധ്യസ്ഥത വഹിച്ചു എന്ന കേന്ദ്രമന്ത്രിയുടെ വാക്കുകൾ ഇതിന് തെളിവാണെന്നും ജെബി മേത്തർ ആരോപിച്ചു.(BJP-CPM connection is real, says Jebi Mather MP)
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ജെബി മേത്തർ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. "ജോൺ ബ്രിട്ടാസ് മധ്യസ്ഥത വഹിച്ചു എന്നാണ് മന്ത്രി പറഞ്ഞത്. ബ്രിട്ടാസ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിലെ പാലമായി പ്രവർത്തിച്ചു." പിഎം ശ്രീയെ എതിർക്കുന്നുവെന്നത് സിപിഎം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പറയുന്നതാണെന്നും ജെബി മേത്തർ ആരോപിച്ചു.
മന്ത്രിയുടെ വാക്കുകൾ ഓൺ റെക്കോർഡ് ആണ്. ബ്രിട്ടാസിന്റെ വാദം മറിച്ചാണെങ്കിൽ മന്ത്രി വ്യക്തമാക്കട്ടെ എന്നും ജെബി മേത്തർ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎമ്മിനും സിപിഐക്കും ഇടയിലുണ്ടായ തർക്കങ്ങളെ മുൻനിർത്തിക്കൊണ്ട് ജെബി മേത്തർ സിപിഐയെയും വിമർശിച്ചു. "സിപിഐ ഇനി കാര്യങ്ങൾ വ്യക്തമാക്കട്ടെ. സിപിഎം അവരെ വഞ്ചിക്കുന്ന വല്യേട്ടനാണ്. മന്ത്രിസഭ ഉപസമിതി ഇനിയും ചേർന്നിട്ടില്ല. അതിന് അത്ര പ്രാധാന്യമേ ഉള്ളൂ," എന്നും അവർ പരിഹസിച്ചു.
പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എംപിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ വെളിപ്പെടുത്തിയിരുന്നു. ഈ കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. സർവ്വ സമ്മതത്തോടെയാണ് കേരളം പദ്ധതിയിൽ ധാരണാപത്രത്തിൽ ഒപ്പിട്ടതെന്നും എന്നാൽ സംസ്ഥാന സർക്കാരിലെ ആഭ്യന്തര തർക്കം കാരണമാണ് പദ്ധതി നടപ്പാക്കാത്തതെന്നും ആശയക്കുഴപ്പം ഉണ്ടാക്കിയത് സംസ്ഥാന സർക്കാർ തന്നെയാണെന്നും ധർമ്മേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തിയിരുന്നു.