

തിരുവനന്തപുരം: ബിജെപി സംഘടിപ്പിച്ച പൊതുസമ്മേളന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലും തന്റെ പ്രതിഷേധം അറിയിച്ച് കൗൺസിലർ ആർ. ശ്രീലേഖ. കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതിലുള്ള കടുത്ത പരിഭവമാണ് പ്രധാനമന്ത്രി പങ്കെടുത്ത വേദിയിലും ശ്രീലേഖ പ്രകടിപ്പിച്ചത്.
പ്രധാനമന്ത്രി വേദിയിലുണ്ടായിരുന്ന സമയമത്രയും പാർട്ടി സംസ്ഥാന നേതാക്കളിൽ നിന്നും മോദിയിൽ നിന്നും അകലം പാലിച്ചാണ് ശ്രീലേഖ ഇരുന്നത്. സമ്മേളനം കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങുന്ന സമയത്ത് മേയർ വി.വി. രാജേഷ്, കെ. സുരേന്ദ്രൻ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം അദ്ദേഹത്തിന് അരികിലെത്തിയെങ്കിലും ശ്രീലേഖ ആ പരിസരത്തേക്ക് പോലും പോയില്ല. നേതാക്കളെല്ലാം മോദിയെ യാത്രയാക്കാൻ തിരക്ക് കൂട്ടുമ്പോഴും ശ്രീലേഖ തന്റെ ഇരിപ്പിടത്തിൽ നിന്ന് മാറി ഒറ്റയ്ക്ക് നിൽക്കുകയായിരുന്നു.
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചാൽ ശ്രീലേഖയെ മേയറാക്കുമെന്ന ധാരണ നേരത്തെ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ പാർട്ടി നിലപാടുകളിൽ മാറ്റം വന്നതോടെ ശ്രീലേഖ നേതൃത്വവുമായി അത്ര നല്ല ബന്ധത്തിലല്ല. നേരത്തെയും ഇതേ വിഷയത്തിൽ അവർ അതൃപ്തി പരസ്യമാക്കിയിരുന്നു. ബിജെപിയുടെ ഏറ്റവും മുതിർന്ന വനിതാ പ്രതിനിധികളിൽ ഒരാളായ ശ്രീലേഖയുടെ ഈ നീക്കം തലസ്ഥാനത്തെ പാർട്ടി നേതൃത്വത്തിന് വലിയ തലവേദനയാകാനാണ് സാധ്യത.