തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തിരുവനന്തപുരം നഗരത്തിലെ നാല് മണ്ഡലങ്ങളിൽ ബിജെപി വ്യാപകമായി വോട്ട് ചേർക്കൽ നടത്തുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി. 'തൃശൂർ മോഡൽ' അട്ടിമറിയാണ് ഇവിടെ ലക്ഷ്യമിടുന്നതെന്നും ഇതിനെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.(BJP conducting Thrissur model vote counting in Thiruvananthapuram, says Minister V Sivankutty )
നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചാണ് വോട്ട് ചേർക്കൽ നടക്കുന്നത്. ഈ നാല് മണ്ഡലങ്ങളിലായി 12,000-ത്തിലധികം ഫ്ലാറ്റുകളുണ്ട്. രാഷ്ട്രീയ പാർട്ടികൾക്ക് എളുപ്പത്തിൽ കടന്നുചെല്ലാൻ കഴിയാത്ത ഇത്തരം ഇടങ്ങളിൽ അടുത്ത കാലത്ത് താമസമാക്കിയവർ ആരൊക്കെയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി പരിശോധിക്കണം.
ഈ നാല് മണ്ഡലങ്ങളിലും ബിജെപിയുടെ ഒരു ഡസനിലധികം പ്രമുഖ നേതാക്കൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇത് വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്താനാണെന്ന് മന്ത്രി ആരോപിച്ചു. തിരുവനന്തപുരം നഗരത്തിലെ നാല് മണ്ഡലങ്ങളിലായി 22 ശതമാനത്തോളം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവാക്കപ്പെട്ടത് തിരുവനന്തപുരത്താണെന്നും ഇത് വലിയ കുഴപ്പങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതായും അദ്ദേഹം പറഞ്ഞു. നടക്കുന്നത് ജനാധിപത്യത്തിലെ വഞ്ചനാപരമായ കള്ളക്കളിയാണെന്നും ഉദ്യോഗസ്ഥർ കൃത്യമായ പരിശോധന നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.