

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ക്രൈസ്തവ വോട്ടുകൾ സമാഹരിക്കാൻ നടത്തിയ നീക്കങ്ങൾ പരാജയപ്പെട്ടതായി ബിജെപി വിലയിരുത്തൽ. തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചടക്കിയതും നഗരസഭകളിൽ മുന്നേറ്റമുണ്ടാക്കിയതും നേട്ടമായി കാണുമ്പോഴും, വോട്ട് വിഹിതത്തിൽ പ്രതീക്ഷിച്ച വളർച്ചയുണ്ടായില്ലെന്നത് പാർട്ടിക്കുള്ളിൽ ഗൗരവമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.(BJP assesses Christian outreach has failed)
ക്രൈസ്തവ സമുദായത്തിൽ നിന്ന് 1926 സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചെങ്കിലും വിജയിച്ചത് വെറും 25 പേർ മാത്രമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലടക്കം ലഭിച്ച പിന്തുണ നിലനിർത്താൻ കഴിഞ്ഞില്ല. 96 പേരെ മത്സരിപ്പിച്ച കോട്ടയത്ത് പോലും 12 പേർക്ക് മാത്രമാണ് ജയിക്കാനായത്.
ക്രൈസ്തവ വിഭാഗത്തെ അടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പാർട്ടിയുടെ പരമ്പരാഗത ഹിന്ദു വോട്ടുകളിൽ ചോർച്ചയുണ്ടായതായും അവലോകന യോഗം വിലയിരുത്തി. 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതത്തോടൊപ്പമെത്താൻ ഇത്തവണ എൻഡിഎയ്ക്ക് കഴിഞ്ഞില്ല. തൃശൂർ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ തിരിച്ചടിയുണ്ടായി.
തദ്ദേശ തിരഞ്ഞെടുപ്പിലെ പാഠങ്ങൾ ഉൾക്കൊണ്ട് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കാനാണ് ബിജെപി തീരുമാനം. ആദ്യഘട്ടത്തിൽ 30 സ്ഥാനാർത്ഥികളെ ജനുവരിയിൽ പ്രഖ്യാപിക്കും.