കോഴിക്കോട്: വന്യജീവികൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് കോഴിക്കോട് ജില്ലയിൽ ആശങ്കയുണ്ടാക്കുന്നു. കോഴിക്കോട് നാദാപുരം പഞ്ചായത്തിലെ കാലിക്കൊളുമ്പിൽ കാട്ടുപോത്തുകൾ ഇറങ്ങി. നാദാപുരം പഞ്ചായത്തിലെ നാലാം വാർഡിൽ ഉൾപ്പെട്ട കാലിക്കൊളുമ്പിലാണ് അസാധാരണ സംഭവം നടന്നത്.(Bisons descend in a herd on a residential area in Kozhikode)
ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് കൂട്ടായി നാണു എന്നയാളുടെ വീടിന് സമീപത്തെ പറമ്പിൽ കൂട്ടമായി കാട്ടുപോത്തുകൾ എത്തിയത്. കൃഷിയിടങ്ങളിലൂടെയും തൊഴിലുറപ്പ് പണി നടന്നുകൊണ്ടിരുന്ന പറമ്പിലൂടെയും ഇവ ഓടി.
പരിഭ്രാന്തരായ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആർആർടി സംഘം സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ മൂന്ന് കാട്ടുപോത്തുകളെ കണ്ണൂർ ജില്ലയിലെ വളയലായി മലയോരത്തേക്ക് തുരത്തി ഓടിച്ചു. സ്വകാര്യ വ്യക്തികളുടെ വിശാലമായ പറമ്പുകൾ കാടുപിടിച്ച് കിടക്കുന്നതാണ് വന്യജീവികൾ നാട്ടിലേക്ക് വരാൻ ഇടയാക്കുന്നതെന്ന് അധികൃതർ പറയുന്നു. ഇത്തരം കാടുകൾ ഉടമകൾ വെട്ടിമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.