കൊച്ചി: ഷംഷബാദ് ബിഷപ്പ് സഞ്ചരിച്ച വാഹനത്തിന് നേർക്കുണ്ടായ അതിക്രമത്തിൽ മൂവാറ്റുപുഴ പോലീസ് കേസെടുത്തു. ബിഷപ്പിന്റെ വാഹനമോടിച്ചിരുന്ന ജോർജ് നൽകിയ പരാതിയിലാണ് ലോറി ഡ്രൈവറായ ഇടുക്കി സ്വദേശി അൻവറിനെതിരെ പോലീസ് കേസെടുത്തത്. ഇയാളുടെ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.(Bishop's vehicle attacked, case against the lorry driver)
ചൊവ്വാഴ്ച രാത്രിയാണ് അൻവർ ബിഷപ്പ് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി ഹെഡ്‌ലൈറ്റും ബ്രേക്ക് ലൈറ്റും അടിച്ചു തകർത്തത്. വിമാനത്താവളത്തിൽ നിന്ന് വരുന്ന വഴി ബിഷപ്പ് സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി ഉരസിയതുമായി ബന്ധപ്പെട്ട തർക്കമാണ് അതിക്രമത്തിന് കാരണം.
അപകടശേഷം നിർത്താതെ പോയ കാറിനെ പിൻതുടർന്ന് മൂവാറ്റുപുഴ വെള്ളൂർക്കുന്നത്ത് വെച്ചായിരുന്നു അൻവർ അതിക്രമം നടത്തിയത്. അതിക്രമം കാണിക്കുക, അസഭ്യം പറയുക, നാശനഷ്ടം വരുത്തുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലോറിയും ഡ്രൈവറും കസ്റ്റഡിയിലായതോടെ തുടർ നിയമനടപടികളിലേക്ക് പോലീസ് കടക്കും.