ആലപ്പുഴ: പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ കോഴിയിറച്ചി വിഭവങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനത്തിൽ പ്രതിഷേധിച്ച് ഇന്ന് ആലപ്പുഴ ജില്ലയിൽ ഹോട്ടലുകൾ അടച്ചിടും. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ (KHRA) നേതൃത്വത്തിലാണ് സമരം. വെജിറ്റേറിയൻ റസ്റ്റോറന്റുകൾ ഉൾപ്പെടെ 1500-ലധികം സ്ഥാപനങ്ങൾ പ്രതിഷേധത്തിൽ പങ്കുചേരും.(Bird flu, Hotels in Alappuzha to be closed today in protest against chicken ban, KHRA writes to CM)
വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. ബഹുരാഷ്ട്ര ഫ്രൈഡ് ചിക്കൻ സ്ഥാപനങ്ങൾക്ക് വിൽപനയ്ക്ക് അനുമതി നൽകുകയും പ്രാദേശിക ഹോട്ടലുകളെ തടയുകയും ചെയ്യുന്നത് നീതിയല്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. പക്ഷിപ്പനി ബാധയില്ലാത്ത ഇടങ്ങളിൽ നിന്നെത്തുന്ന ഫ്രോസൺ ചിക്കൻ ഉപയോഗിക്കാൻ അനുമതി നൽകണം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവരെ പോലും ഇറക്കിവിട്ട് ഹോട്ടലുകൾ അടപ്പിക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ നിലപാട് നിഷേധാത്മകമാണ് എന്നും ഇവർ പറയുന്നു.
നിരോധനത്തിൽ ഇളവ് തേടി അസോസിയേഷൻ പ്രതിനിധികൾ ഇന്നലെ ജില്ലാ കളക്ടറെ കണ്ടിരുന്നുവെങ്കിലും ചർച്ച പരാജയപ്പെട്ടു. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനം നാളെ അവസാനിക്കാനിരിക്കെ, ഡിസംബർ 31 വരെയുള്ള സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ കൂടുതൽ തീരുമാനങ്ങൾ എടുക്കൂ എന്ന് കളക്ടർ അറിയിച്ചു.
ജില്ലയിൽ പക്ഷിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ഇതുവരെ 24,309 പക്ഷികളെ കൊന്നൊടുക്കി. കള്ളിങ് പൂർത്തിയായ പ്രദേശങ്ങളിൽ അണുനശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.