ആലപ്പുഴ : ബിനോയ് വിശ്വം സി പി ഐ സംസ്ഥാന സെക്രട്ടറിയായി തുടരും. അദ്ദേഹത്തെ ആലപ്പുഴയിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. കാനം രാജേന്ദ്രൻ വിട വാങ്ങിയതോടെയാണ് 2023 ഡിസംബറിൽ ബിനോയ് വിശ്വം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. (Binoy Viswam on CPI state conference in Alappuzha)
അതേസമയം, തിരുത്തേണ്ട കാര്യങ്ങൾ തിരുത്താൻ തയ്യാറാണെന്നും അക്കാര്യത്തിൽ പിടിവാശിയില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം പ്രതികരിച്ചത് ആലപ്പുഴയിലെ സി പി ഐ സംസ്ഥാന സമ്മേളനത്തിലെ മറുപടി പ്രസംഗത്തിൽ ആയിരുന്നു. തൃശൂരിലെ പരാജയം മുറിവാണെന്നും, ജാഗ്രത കുറവ് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്മായിലിന് മുന്നിൽ വാതിൽ അടയ്ക്കില്ല എന്നും, എന്നാൽ അത് അകത്ത് കയറ്റൽ അല്ലെന്നും പറഞ്ഞ അദ്ദേഹം, വേദിയിൽ ഇരിക്കാൻ ഇസ്മായിൽ യോഗ്യനല്ല എന്നും ചൂണ്ടിക്കാട്ടി.
കെ ഇ ഇസ്മയിലിന് ഒപ്പം പന്ന്യൻ രവീന്ദ്രനും സി ദിവാകരനും ഒഴിവായി എന്നും, പക്ഷേ അവർ ഇവിടെ ഉണ്ടെന്നും പറഞ്ഞ ബിനോയ് വിശ്വം, കെ ഇ ഇസ്മയിൽ പക്ഷേ അങ്ങനെ അല്ലെന്നും, പാർട്ടിയെ തുടർച്ചയായി കുറ്റപ്പെടുത്തുന്നുവെന്നും വ്യക്തമാക്കി. ലോക്കപ്പ് മർദ്ദനം ശക്തമായി എതിർക്കുന്ന നിലപാട് സി പി ഐ സ്വീകരിക്കുമെന്നും, എം ആർ അജിത് കുമാറിനെ ഡി ജി പി ആക്കുന്നതിൽ എതിർക്കേണ്ട സമയത്ത് എതിർപ്പ് ഉയർത്തുമെന്നും അദ്ദേഹം അറിയിച്ചു.