തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രം നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെങ്കിൽ അപ്പോൾ കാണാമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്രത്തിന് കത്തയക്കുന്ന വിഷയത്തിൽ അനന്തമായ കാത്തിരിപ്പില്ലെന്നും, കത്ത് നൽകാൻ പ്രത്യേക മുഹൂർത്തം നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെയും എൽ.ഡി.എഫിന്റെയും തീരുമാനങ്ങൾ അക്ഷരംപ്രതി നടപ്പാക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.(Binoy Viswam about the promise on PM SHRI scheme)
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. ഉജ്ജ്വല വിജയം നേടുമെന്നും ബിനോയ് വിശ്വം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സർക്കാർ പ്രവർത്തനങ്ങൾ എല്ലായിടത്തും മാറ്റമുണ്ടാക്കി. എൽ.ഡി.എഫ്. മിഷനറി പൂർണ്ണമായും സജ്ജമാണ്. അപൂർവം ചിലയിടങ്ങളിൽ സീറ്റ് വിഭജന പ്രശ്നങ്ങളുണ്ടെങ്കിലും അത് ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിന് വർഗീയ ശക്തികളുമായി കൂട്ടുകെട്ടുണ്ടെന്ന് ബിനോയ് വിശ്വം ആരോപിച്ചു. "ഒരുവശത്ത് ജമാഅത്തെ ഇസ്‌ലാമിയും അപ്പുറത്ത് ഹിന്ദുത്വ ശക്തികളുമായാണ് യു.ഡി.എഫിന്റെ കൂട്ടുകെട്ട്." ജമാഅത്തെ ഇസ്‌ലാമിയോട് യോജിക്കുന്നവർക്ക് എസ്.ഡി.പി.ഐയിലേക്ക് അധികം ദൂരമില്ല.
ബി.ജെ.പിയെ യു.ഡി.എഫ്. തങ്ങളുടെ ബന്ധുവായി കാണുന്നു. ഈ ബന്ധം പലയിടങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും രംഗത്ത് വരാൻ സാധ്യതയുണ്ട്. കോൺഗ്രസ് അവരുടെ അടിസ്ഥാന ആശയങ്ങൾ പോലും ബലികഴിച്ചാണ് കൂട്ടുകെട്ടുണ്ടാക്കുന്നത്. ജനങ്ങൾക്ക് ഒരു ഓപ്ഷൻ ഉണ്ടെങ്കിൽ അത് എൽ.ഡി.എഫ്. ആണെന്ന് ഞങ്ങൾക്കറിയാമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടും ബിനോയ് വിശ്വം പ്രതികരിച്ചു. "ഉപ്പു തിന്നവർ അവർ വെള്ളം കുടിക്കണം. അഴിമതിക്കാർ ആരായാലും അവരോട് സന്ധിയില്ല. അഴിമതിക്ക് പാർട്ടിയെ മറയാക്കിയത് അവരാണ്, പാർട്ടി അതിന് ഉത്തരവാദിയല്ല," അദ്ദേഹം പറഞ്ഞു.