'പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു, പൊറോട്ടയും ബീഫും നൽകിയാണ് ബിന്ദു അമ്മിണിയെയും കനക ദുർഗ്ഗയെയും ശബരിമലയിൽ എത്തിച്ചത്': NK പ്രേമചന്ദ്രൻ | Sabarimala

താൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നത് സി.പി.എം. നടത്തുന്ന പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.
'പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു, പൊറോട്ടയും ബീഫും നൽകിയാണ് ബിന്ദു അമ്മിണിയെയും കനക ദുർഗ്ഗയെയും ശബരിമലയിൽ എത്തിച്ചത്':  NK പ്രേമചന്ദ്രൻ | Sabarimala
Published on

കൊല്ലം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച 'പൊറോട്ടയും ബീഫും' ആരോപണം ആവർത്തിച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ആരോപണത്തിൻ്റെ പേരിൽ സി.പി.എമ്മിൻ്റെ സൈബർ ആക്രമണം നേരിടുകയാണെങ്കിലും താൻ പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.(Bindu Ammini and Kanaka Durga were brought to Sabarimala after giving them beef, NK Premachandran)

പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്താണ് ബിന്ദു അമ്മിണിയെയും കനകദുർഗ്ഗയെയും ശബരിമലയിലെത്തിച്ചത് എന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും, തനിക്കെതിരെ നടക്കുന്നത് സി.പി.എം. സൈബർ സംഘത്തിൻ്റെ വർഗീയ ആക്രമണമാണ് എന്നും പറഞ്ഞ അദ്ദേഹം, എന്തിനെയും ഏതിനെയും വർഗീയവത്കരിക്കുകയെന്നതാണ് സി.പി.എം. നയമെന്നും വിമർശിച്ചു.

ശബരിമല സ്ത്രീ പ്രവേശന വിഷയം വീണ്ടും ചർച്ചയായതിൽ സന്തോഷമുണ്ട് എന്നും, ഇത് ഭക്തർക്കുണ്ടായ വേദനയുടെ ഓർമ്മപ്പെടുത്തലാണ് എന്നും പറഞ്ഞ അദ്ദേഹം 2018-ൽ സ്ത്രീ പ്രവേശന വിധി വന്നപ്പോൾ, മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ക്രമീകരണം ഒരുക്കിയെന്നും രഹ്ന ഫാത്തിമ, ബിന്ദു അമ്മിണി, കനകദുർഗ്ഗ എന്നിവർ പോലീസ് അകമ്പടിയോടുകൂടിയാണ് എത്തിയത് എന്നും കൂട്ടിച്ചേർത്തു.

കോട്ടയത്ത് പോലീസ് ക്ലബ്ബിൽ വെച്ച് പൊറോട്ടയും ബീഫും ഇവർക്ക് വാങ്ങി നൽകിയെന്ന് ആദ്യം പറഞ്ഞത് ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ആണ് എന്നും, സീനിയർ പോലീസ് ഉദ്യോഗസ്ഥനിൽ നിന്ന് ലഭിച്ച കൃത്യമായ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം അത് പറഞ്ഞത് എന്നും പറഞ്ഞ എം പി, സ്ത്രീകളെ ശബരിമലയിൽ കയറ്റിയവർ തന്നെ 'ആഗോള അയ്യപ്പ സംഗമം' നടത്തുന്നത് വിരോധാഭാസമാണ് എന്നും ചൂണ്ടിക്കാട്ടി.

തനിക്കെതിരായ സൈബർ ആക്രമണത്തെ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. ചരിത്രത്തിൽ ഒരിക്കലും ഇല്ലാത്ത തരത്തിലുള്ള കെട്ടുറപ്പിലാണ് ഇപ്പോഴുള്ളതെന്നും ഘടകകക്ഷികൾ തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഭരണം പിടിക്കാനായി ഒറ്റമനസ്സോടുകൂടിയാണ് മുന്നോട്ടുപോകുന്നത്. താൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നത് സി.പി.എം. നടത്തുന്ന പ്രചാരണമാണെന്നും എൻ.കെ. പ്രേമചന്ദ്രൻ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com