കൊച്ചി : എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലൂടെ ബൈക്ക് ഓടിച്ച കേസിൽ പ്രതിക്കായി അന്വേഷണം ഉൗർജിതമാക്കി റെയിൽവേ പൊലീസ്.
പെരുമ്പാവൂർ മുടിക്കൽ മൗലൂദ്‌പുര എം എ അജ്‌മലിനെയാണ് പൊലീസ് തിരയുന്നത്. ഇയാളുടെ ഫോൺ സ്വിച്ച് ഓഫാണ്. തൈക്കൂടത്തെ സ്ഥാപനത്തിൽ നിന്ന് ഭാര്യക്കൊപ്പമെത്തിയാണ് ഇയാൾ ബൈക്ക് വാടകയ്‌ക്ക് എടുത്തത്.
ചൊവ്വ പുലർച്ചെ 4.40നാണ് സംഭവം നടന്നത്. ബൈക്കിൽ എത്തിയ അജ്‌മൽ രണ്ടാംനമ്പർ പ്ലാറ്റ്‌ഫോമിലൂടെ ആഡംബര ബൈക്ക് ഓടിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ആർപിഎഫുകാർ പിന്നാലെ പിന്തുടർന്ന്. ഇതോടെ പ്ലാറ്റ്‌ഫോം അവസാനിക്കുന്നിടത്ത് ബൈക്ക് ഉപേക്ഷിച്ച് ഇയാൾ കടന്നു.
പുണെ–കന്യാകുമാരി എക്സ്‌പ്രസ് കടന്നുപോയതിന് തൊട്ടുപിന്നാലെയായിരുന്നു ബൈക്കുമായി പ്ലാറ്റ്‌ഫോമിൽ എത്തിയത്. മറ്റൊരു ട്രെയിൻ ഈസമയം സ്റ്റേഷനിലേക്ക് എത്തുകയും ചെയ്‌തു. പ്ലാറ്റ്‌ഫോമിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങളിൽനിന്നുമാണ് അജ്‌മലിനെ തിരിച്ചറിഞ്ഞത്. ഇയാൾ ലഹരി, അടിപിടി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.