
ബിഗ് ബോസ് മലയാളം സീസണ്‍ ഏഴ് മൂന്നാം വാരത്തിലേക്കെത്തുമ്പോൾ ഏറ്റവും ആവേശകരമായ ഗെയിമുകളാണ് ബിഗ് ബോസ് നല്‍കിയത്. ഫിസിക്കല്‍ ടാസ്കുകളല്ല, മറിച്ച് മൈന്‍ഡ് ഗെയിമുകള്‍ക്കാണ് ബിഗ് ബോസ് മത്സരാര്‍ഥികളെ ക്ഷണിച്ചത്. അതിന്‍റെ പ്രതിഫലനവും ഹൗസില്‍ ഉണ്ടായി. ഈ സീസണില്‍ ഒരു ടാസ്കിനിടെ മത്സരാര്‍ഥികള്‍ക്കിടയില്‍ ഇത്രയും വലിയ വാദപ്രതിവാദങ്ങള്‍ നടക്കുന്നത് ആദ്യം. ഏറ്റവും വലിയ രോഷപ്രകടനം നടത്തിയത് അക്ബര്‍ ആയിരുന്നു.
അനീഷിനെതിരെയായിരുന്നു അക്ബറിന്‍റെ രോഷപ്രകടനം. ഹാളിലെ സോഫയില്‍ ഇട്ടിരുന്ന തലയിണ എടുത്ത് അനീഷിന് നേര്‍ക്ക് എറിയുകയായിരുന്നു അക്ബര്‍. തലയിണ അനീഷിന്‍റെ ദേഹത്ത് കൊണ്ടില്ലെങ്കിലും അക്ബറിന്‍റെ രോഷപ്രകടനം മറ്റുള്ളവരെ ഞെട്ടിക്കുന്നതായിരുന്നു. ഇത് വാരാന്ത്യ എപ്പിസോഡില്‍ മോഹന്‍ലാല്‍ ചര്‍ച്ചയാക്കുമെന്ന് ഉറപ്പാണ്. അക്ബറിനെതിരെ അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്. നടപടി എന്തായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
പണിപ്പുരയിലേക്ക് വലിയ പോയിന്‍റ് വാഗ്ദാനവുമായി ബിഗ് ബോസ് ആരംഭിച്ച ടാസ്കുകളില്‍ നാലാമത്തേതിന്‍റെ ഭാഗമായാണ് മത്സരാര്‍ഥികള്‍ക്കിടയില്‍ വലിയ തര്‍ക്കങ്ങള്‍ ഉണ്ടായത്. ടാസ്കിനായി മൂന്ന് ധൈര്യശാലികളെ തെരഞ്ഞെടുക്കാനാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ആര്യന്‍, ജിസൈല്‍, അനീഷ് എന്നിവര്‍ ആക്റ്റിവിറ്റി ഏരിയയിലേക്ക് പോയി. പണിപ്പുര ടാസ്കിൽ ‘ഇനി സംസാരിക്കാൻ പാടില്ല, ജ്യൂസ് ഒറ്റ വലിയ്ക്ക് കുടിയ്ക്കണം, തല മൊട്ടയടിയ്ക്കണം’ എന്നീ മൂന്ന് ടാസ്കുകളാണ് ഉണ്ടായിരുന്നത്.
അനീഷിന് ലഭിച്ച കത്തില്‍ ഇപ്പോള്‍ മുതല്‍ സീസണ്‍ 7 അവസാനിക്കുന്നതുവരെ നിശബ്ദത പാലിക്കണം എന്നായിരുന്നു. ഇത് വായിച്ചതിന് പിന്നാലെ അനീഷ് നിശബ്ദതയിലേക്ക് പോയി. ആര്യന്‍ വായിച്ച കത്തില്‍ മുന്നില്‍ വച്ചിരിക്കുന്ന ജ്യൂസ് കുടിക്കണം എന്നതായിരുന്നു. ജിസൈല്‍ വായിച്ച കത്തില്‍ തല മുണ്ഡനം ചെയ്യണം എന്നും. ടാസ്കുകള്‍ മൂന്നുപേര്‍ക്കും പരസ്പരം സ്വിച്ച് ചെയ്യാവുന്നതാണെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു. എന്നാൽ ടാസ്ക് ആരംഭിച്ചിരുന്നതിനാല്‍ സ്വിച്ചിംഗ് ചര്‍ച്ചകളില്‍ അനീഷ് പങ്കെടുത്തില്ല. 1000 പോയിന്‍റ് ആണ് ബിഗ് ബോസ് ഈ ടാസ്കിനായി നിശ്ചയിച്ചിരുന്നത്. 1000 പോയിന്‍റുകള്‍ക്കായി തല മൊട്ടയടിക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് ആര്യന്‍ തീരുമാനമെടുത്തു. തനിക്ക് അത് സാധിക്കില്ലെന്ന് ജിസൈലും നിലപാടെടുത്തു. ബിഗ് ബോസിന്‍റെ നിര്‍ദേശപ്രകാരം മറ്റ് മത്സരാര്‍ഥികളും ചര്‍ച്ചകള്‍ക്കായി ആക്റ്റിവിറ്റി ഏരിയയില്‍ എത്തിയത് വലിയ തര്‍ക്കങ്ങൾക്ക് ഇടയാക്കി. തുടര്‍ന്ന് ടാസ്കില്‍ മൂവരും പരാജയപ്പെട്ടതായി ബിഗ് ബോസ് അറിയിച്ചു.