
ബിഗ് ബോസിന്റെ ഏഴാമത്തെ സീസൺ വിമർശനങ്ങളും അഭിനന്ദനവും ഒരുപോലെ നേടി മുന്നേറുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡിലൂടെ അഞ്ചുപേരാണ് ബിഗ് ബോസിലേക്ക് എത്തിയത്. ബിഗ് ബോസ് സീസൺ 6ന് പ്രേക്ഷകരുടെ മനസിൽ ഇപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ട്. ആറാമത്തെ സീസണിൽ വൈൽഡ് കാർഡിലൂടെ എത്തിയ മത്സരാർത്ഥിയായിരുന്നു അഭിഷേക് ശ്രീകുമാർ. ഇപ്പോൾ തന്റെ ജീവിതത്തിൽ ബിഗ് ബോസ് വരുത്തിയ മാറ്റത്തെ കുറിച്ച് പറയുകയാണ് അഭിഷേക്.
"സീസൺ കഴിയുമ്പോൾ പലരും ഞാൻ ബിഗ് ബോസിന്റെ ഭാഗമായിരുന്നുവെന്ന് പറയാൻ താൽപര്യപ്പെടാറില്ല' അതിനോടുള്ള അഭിപ്രായം എന്താണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ബിഗ് ബോസ് തന്റെ ജീവിതത്തിൽ വലിയൊരു ചവിട്ട് പടിയായിരുന്നുവെന്നാണ് അഭിഷേക് പറയുന്നത്.
"ബിഗ് ബോസ് വലിയൊരു ചവിട്ടുപടിയായിരുന്നു. ഞാൻ ജീവിതത്തിൽ ബിഗ് സീറോ ആയിരുന്നു. പടത്തിൽ ചെറിയ റോളുകൾ ചെയ്യും, പരസ്യത്തിൽ ചെറുതായി അഭിനയിച്ചിരുന്നു. എന്നാൽ അതെല്ലാം വെട്ടി മാറ്റും. ജൂനിയർ ആർട്ടിസ്റ്റായിരുന്നു. അച്ഛൻ വീട്ടിൽ നിന്ന് ഇറക്കി വിടുമെന്ന് വരെ പറഞ്ഞിരുന്നതാണ്. ഇനി സിനിമ എന്ന് പറഞ്ഞാൽ, ഒന്നും ആവത്തില്ല. വെറുതെ നിൽക്കണ്ട. നീ നന്നായി പഠിച്ചിട്ടുണ്ട്. എവിടെ എങ്കിലും ജോലിക്ക് പോകണമെന്ന് പറഞ്ഞു.
അപ്പോൾ ബിഗ് ബോസ് കൂടി ഉണ്ടെന്ന് ഞാൻ പറഞ്ഞു. അതും കൂടി ഇല്ലെങ്കിൽ നീ വീട്ടിൽ നിന്ന് ഇറങ്ങണമെന്ന് അച്ഛൻ പറഞ്ഞു. ഏകദേശം ഫെബ്രുവരിയിലാണ് അത് എന്നോട് പറഞ്ഞത്. മാർച്ച് പത്താം തീയതി ആകുമ്പോൾ ഉണ്ടോ, ഇല്ലയോ എന്നറിയാം. മാർച്ച് ഒന്നൊക്കെ ആയപ്പോഴും ഇവർ എന്നെ വിളിച്ചിട്ടില്ല. അവസാനം അഞ്ചൊക്കെ ആയപ്പോഴെക്കും അഭിഷേക് ഇതിൽ ഉണ്ടെന്ന് അറിയിക്കുകയായിരുന്നു." - അഭിഷേക് പറഞ്ഞു.