ബിഗ് ബോസിൽ ടിക്കറ്റ് ടു ഫിനാലെയ്ക്ക് ഇന്ന് തുടക്കം; 'ആരാകും കിരീടത്തിനരികെ?' ഉടനറിയാം | Bigg Boss
ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ ടിക്കറ്റ് ടു ഫിനാലെ ടാസ്കുകൾക്ക് ഇന്ന് തുടക്കം. ഇക്കാര്യം പ്രൊമോ ആയി ഏഷ്യാനെറ്റ് പുറത്തുവിട്ടു. ഇന്ന് നടക്കുന്ന എപ്പിസോഡിൽ തന്നെ മത്സരാർത്ഥികൾ ചില ടാസ്കുകൾ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ കിരീടത്തിനരികെ ആര് ആദ്യമെത്തുമെന്ന് ഉടൻ അറിയാനാവും.
ഇന്ന് നടക്കുന്ന എവിക്ഷനിൽ വേദ് ലക്ഷ്മി പുറത്താവുമെന്നാണ് സൂചന. ഇക്കാര്യം സമൂഹമാധമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലക്ഷ്മി ഈ ആഴ്ച പുറത്തുപോയാൽ സാബുമാൻ മാത്രമാവും വൈൽഡ് കാർഡായി ഹൗസിലുണ്ടാവുക. വേദ് ലക്ഷ്മി, ആര്യൻ, അക്ബർ, നെവിൻ, നൂറ, ഷാനവാസ് എന്നിവരാണ് ഈ ആഴ്ച നോമിനേഷനിലുള്ളത്. ഇവരിൽ ആര്യൻ, നെവിൻ, നൂറ, ഷാനവാസ് എന്നിവർ സേവ് ആയെന്ന് ഏഷ്യാനെറ്റ് തന്നെ പ്രൊമോയിൽ സൂചന നൽകിയിരുന്നു. അക്ബറും വേദ് ലക്ഷ്മിയുമാണ് അവസാന ഘട്ടത്തിൽ നോമിനേഷനിലുണ്ടായിരുന്നത്. ഇതിൽ നിന്ന് വേദ് ലക്ഷ്മി പുറത്തുപോകുമെന്നാണ് അഭ്യൂഹങ്ങൾ.
ശനിയാഴ്ച നടന്ന വാരാന്ത്യ എപ്പിസോഡിൽ അക്ബറിൻ്റെ പാവ മോഷ്ടിച്ചവരെ കണ്ടെത്താൻ വിചാരണ നടത്തിയിരുന്നു. ലക്ഷ്മിയാണ് അഭിഭാഷകയായത്. ആദില, നൂറ, നെവിൻ, ആര്യൻ തുടങ്ങിയവരെയാണ് ലക്ഷ്മി വിചാരണ ചെയ്യുന്നത്. താൻ രണ്ട് പാവകൾ എടുത്തിട്ട് അത് തിരികെവച്ചു എന്ന് ആദില പറയുന്നു. 'എത്ര പാവകളെടുത്തു?' എന്ന ചോദ്യത്തിന് മറുപടി നൽകാൻ നെവിൻ തയ്യാറായില്ല. ‘നിങ്ങളെ വിശ്വസിച്ചുവരുന്ന ഒരു പ്രതിക്ക് കഴുമരം വാങ്ങിച്ചു കൊടുക്കുന്ന നിങ്ങളെപ്പോലുള്ള ഒരു സ്ത്രീയുടെ മുൻപിൽ എനിക്ക് സത്യം വെളിപ്പെടുത്തേണ്ട ആവശ്യമില്ല’ എന്നാണ് നെവിൻ ലക്ഷ്മിയ്ക്ക് മറുപടി നൽകുന്നത്. ഗെയിമിനെ മൊത്തം ഇല്ലാതാക്കാനുള്ള ശ്രമമായാണ് തനിക്ക് ഇത് തോന്നിയതെന്ന പ്രസ്താവനയുടെ പേരിൽ അക്ബറുമായി പിന്നീട് ആദില സംസാരിച്ചിരുന്നു.