
ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ നാടകീയമായ രംഗങ്ങളാണ് അരങ്ങേറുന്നത്. ഓരോ ദിവസം ചെല്ലുന്തോറും അപ്രതീക്ഷിത ട്വിസ്റ്റാണ് വീട്ടിൽ നടക്കുന്നത്. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായ നെവിന്റെ പുറത്ത് പോകൽ വീട്ടിലെ മറ്റ് മത്സരാർത്ഥികളെ ഞെട്ടിച്ചിരുന്നു. അനുമോളെ പുറത്താക്കിയില്ലെങ്കിൽ താൻ പുറത്ത് പോകുമെന്ന് നെവിൻ വെല്ലുവിളിച്ചു. ഇതോടെ, നെവിന്റെ തീരുമാനം ആതാണെങ്കിൽ പുറത്ത് പോകാൻ ബിഗ് ബോസും പറഞ്ഞു. ഇതിനായി വീടിന്ററെ മുൻ വാതിൽ തുറന്നു കൊടുക്കയും ചെയ്തിരുന്നു.
ഹൗസിൽ നിലവിലുള്ള പതിനഞ്ച് മത്സരാർത്ഥികളിൽ ഏറ്റവും എന്റർടെയ്നറായ മത്സരാർത്ഥിയാണ് നെവിൻ. നെവിൻ പുറത്ത് പോയെന്ന വാർത്ത കേട്ട് നിരാശയിലായിരുന്നു ബിഗ് ബോസ് പ്രേക്ഷകർ. എന്നാൽ ഇത് ബിഗ് ബോസിന്റെ ഗെയിം ആണെന്നാണ് പ്രേക്ഷകർ ഇപ്പോൾ പറയുന്നത്. സീക്രട്ട് റൂമിൽ നിന്ന് നെവിൻ തിരിച്ച് എത്തുമെന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. ഇതിനിടെയാണ് ബിഗ് ബോസിന്റെ പുതിയ പ്രമോ പുറത്തുവന്നത്. 'ആരാകും ആ അപ്രതീക്ഷിത അതിഥി?' എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
'വീട്ടിലേക്ക് ഒരു പുതിയ അതിഥി എത്തുന്നു' എന്നാണ് ബിഗ് ബോസ് മറ്റ് മത്സരാർത്ഥികളോട് പറയുന്നത്. 'ഇന്ന് നിങ്ങൾക്ക് ഒരു അതിഥിയുണ്ട്' എന്നാണ് ബിഗ് ബോസ് പറയുന്നത്. അതിഥിയെ സ്വീകരിക്കാൻ സ്വാഗതം ഗാനം തയ്യാറാക്കാനും ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടെ ലീവിങ് റൂമിലിരിക്കുന്നവർ പരസ്പം ആരാണെന്ന് ചോദിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് ഗാർഡൻ ഏരിയയിൽ വന്ന് ഇവർ എന്തോ കണ്ട് ഞെട്ടുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇതോടെ ആരാണ് പുതിയ അതിഥി എന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
നെവിൻ തിരിച്ചെത്തിയെന്നാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ അത് സ്പൈ കുട്ടൻ ആണെന്നും ചിലർ അഭിപ്രായപ്പെടുന്നു. ഇതിനു കാരണമായി അവർ പറയുന്നത് മത്സരാർത്ഥികൾ എല്ലാവരും കൺഫഷൻ റൂമിലെത്തി ആർക്കോ റ്റാറ്റ കൊടുക്കുന്നതാണ്. ഇതോടെ ഏറെ ആകാംഷയിലാണ് ബിബി പ്രേക്ഷകർ.