
ബിഗ് ബോസ് ഏഴാം സീസണിൽ എത്തിനിൽക്കുമ്പോൾ പ്രേക്ഷകരുടെ ഇടയിൽ ഉയരുന്ന ഒരു പ്രധാന സംശയമാണ്, അവതാരകനായ മോഹൻലാൽ ഈ ഷോ കാണറുണ്ടോ? എന്നത്. മത്സരാർത്ഥികളുടെ പ്രകടനം കാണുമ്പോൾ ദേഷ്യം തോന്നാറില്ലേ? ഷോ സ്‌ക്രിപ്റ്റഡ് ആണോ? തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് ആരാധകർ ഉയർത്തുന്നത്. എന്നാൽ, ആരാധകരുടെ എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി നൽകിയിരിക്കുകയാണ് ഷോ അവതാരകനായ മോഹൻലാൽ. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിൻറെ തുറന്നുപറച്ചിൽ.
ബിഗ് ബോസിനു വേണ്ടി തയ്യാറെടുപ്പുകൾ നടത്താറുണ്ടെന്നാണ് താരം പറയുന്നത്. താൻ ആരിൽ നിന്നും റെഫറൻസ് എടുത്തിട്ടില്ല. മറ്റ് ഭാഷകളിൽ ഇതേ സ്വഭാവമല്ലല്ലോ. ഹിന്ദി ബിഗ് ബോസും മുഴുവനായി കണ്ടിട്ടില്ലെന്നും മറ്റൊന്നുമല്ല അതുപോലെ അത് ഇവിടെ അവതരിപ്പിക്കാൻ സാധിക്കില്ലല്ലോ എന്നാണ് മോഹൻലാൽ പറയുന്നത്.
ബിഗ് ബോസിലെ ചിലരുടെ പ്രതികരണം കാണുമ്പോൾ ദേഷ്യം വരാറുണ്ടെന്നും പക്ഷെ അത് കൺട്രോൾ ചെയ്യാനുള്ള മാജിക്ക് തനിക്കുണ്ടെന്നും ലാൽ പറയുന്നു. "കഴിഞ്ഞ എപ്പിസോഡിൽ തനിക്ക് ഇഷ്ടമില്ലാതിരുന്ന കാര്യം ഒരാൾ തലയണ എടുത്തെറിഞ്ഞു. അത് മറ്റൊരാളുടെ ദേഹത്ത് കൊണ്ടാലോ, അത് പോരെ, നമ്മുടെ ഒരു പ്രോപ്പർട്ടി എടുത്ത് എറിയാൻ പാടില്ല. പിന്നെ അവർ ഉപയോഗിക്കുന്ന ചില ഭാഷകൾ. ഇവർ വീട്ടിലൊക്കെ ഇങ്ങനെയാണോ ചെയ്യുന്നതെന്ന് താൻ ആലോചിക്കും. അതൊക്കെ നമ്മൾ വാൺ ചെയ്യും. അവർക്ക് ശിക്ഷ കൊടുക്കും." - മോഹൻലാൽ പറയുന്നു.
ബിഗ് ബോസ് താൻ കാണാറുണ്ടെന്നും ലൈവ് ഷോയും കാണാൻ ശ്രമിക്കാറുണ്ടെന്നും മോഹൻലാൽ പറയുന്നു. "ഓരോരുത്തരുടെയും സ്വാഭാവം മനസിലാക്കണമല്ലോ. തനിക്ക് ചോദ്യങ്ങൾ ചോദിക്കാൻ കൂടുതൽ സ്വാതന്ത്ര്യമുണ്ട്. ബിഗ് ബോസ് ഒരിക്കലും സ്ക്രിപ്റ്റഡ് അല്ല. 18 പേരും 18 സ്വഭാവക്കാർ അല്ലേ, എങ്ങനെ സ്ക്രിപ്റ്റ് ചെയ്യാൻ പറ്റും. ഹൗസിലുള്ളവർ ഭയങ്കര മൂഡ് സ്വിങ്സുള്ളവർ ആയിരിക്കും." - എന്നാണ് മോഹൻലാൽ പറഞ്ഞത്.