
ബിഗ് ബോസ് ഹൗസിൽ ഇണക്കങ്ങളും പിണക്കങ്ങളുടെ സാധാരണമാണ്. ഇപ്പോൾ വീട്ടിൽ ഉറ്റസുഹൃത്തുക്കളായ അനീഷും ഷാനവാസും തമ്മിലും പങ്കാളികളായ ആദിലയും നൂറയും തമ്മിലും കഴിഞ്ഞ ദിവസം പിണങ്ങി. അനീഷിനോട് പിണക്കം മാറ്റാൻ ഷാനവാസ് തയ്യാറായില്ല. എന്നാൽ, നൂറയുടെ പിണക്കം മാറ്റാൻ ആദിലയ്ക്ക് സാധിച്ചു. ഇതിനിടെ ജിസേലും ആര്യനും തമ്മിലും പിണങ്ങി.
വീക്കിലി ടാസ്കിൽ തനിക്ക് ലഭിച്ച കോയിൻ ആദില മോഷ്ടിച്ചതാണ് അനീഷിന് പ്രശ്നമായത്. ആദിലയെത്തന്നെയായിരുന്നു അനീഷിന് സംശയം. എന്നാൽ, ആദില ഇത് സമ്മതിച്ചില്ല. ഇതിനിടെ ആദിലയും അനീഷും തമ്മിലുള്ള ബന്ധം വഷളായി. വെസൽ ടീമിൽ പാത്രം കഴുകുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ പ്രശ്നത്തിൽ ഇടപെട്ടതോടെ ഷാനവാസുമായും അനീഷ് ഉടക്കി.
അനീഷും ആദിലയുമായുള്ള പ്രശ്നമാണ് നൂറയ്ക്ക് പ്രശ്നമായത്. കിച്ചൺ ക്യാപ്റ്റനായ അനീഷ് പറയുന്ന നിർദ്ദേശങ്ങൾ അനുസരിക്കാൻ കൂട്ടാക്കാതിരുന്ന ആദില നിരന്തരം അനീഷുമായി വഴക്കിട്ടു. അനീഷിൻ്റെ കിടക്കയിൽ നിന്ന് പുതപ്പും തലയിണയും ആദില പുറത്തേക്കെറിഞ്ഞു. ഇതൊന്നും ചെയ്യരുതെന്ന് നൂറ പലതവണ ആദിലയോട് പറഞ്ഞെങ്കിലും ആദില അത് കേട്ടില്ല. ഇതുമായി ബന്ധപ്പെട്ടാണ് നൂറ പിണങ്ങിയത്. ദേഷ്യം സഹിക്കാൻ കഴിയുന്നില്ലെന്നും ഇങ്ങനെ പറഞ്ഞുതരാൻ ആളുള്ളതുകൊണ്ടുള്ള പ്രശ്നമല്ലേ എന്നും നൂറ ചോദിച്ചപ്പോൾ, 'അനീഷിനോടല്ലാതെ മറ്റാരോടെങ്കിലും താൻ ഇങ്ങനെ ചെയ്യുന്നുണ്ടോ?' എന്ന് ആദില തിരിച്ചുചോദിച്ചു. തുടർന്ന് ഇരുവരും പിണങ്ങി.
പിന്നീട് പാത്രം കഴുകുന്ന സ്ഥലത്തുവച്ച് ആദില നൂറയുടെ പിണക്കം മാറ്റുകയായിരുന്നു. നൂറയുടെ പാത്രം താൻ കഴുകാമെന്ന് ആദില പറഞ്ഞെങ്കിലും നൂറ സമ്മതിച്ചില്ല. പിന്നീട് പലതവണ സംസാരിച്ചും ആലിംഗനം ചെയ്തും ആദില നൂറയുടെ പിണക്കം മാറ്റി.