
ബിഗ് ബോസ് മലയാളം സീസൺ ഏഴ് പത്താം താഴ്ചയിലേക്ക് എത്തി നിൽക്കുകയാണ്. ഇനി വെറും നാല് ആഴ്ചകൾ മാത്രമാണ് ഫൈനലിലേക്ക്. ഷോ ഫൈനലിലേക്ക് അടുക്കുമ്പോൾ വളരെ നിർണായകമായ ടാസ്കുകളാണ് മത്സരാർത്ഥികൾക്ക് ലഭിക്കുന്നത്. ഇതിനിടെ, മത്സരാർത്ഥികൾക്കുള്ള ഗ്യാസ്, വെള്ളം കണക്ഷനുകളും ശുചിമുറിയിലേക്കുള്ള പ്രവേശനവും നിഷേധിച്ച് ബിഗ് ബോസ്. വീക്കിലി ടാസ്കിനിടയിലായിരുന്നു ബിഗ് ബോസിൻ്റെ തീരുമാനം. ഇത് മത്സരാർത്ഥികൾക്കിടയിൽ ആശങ്കയുണ്ടാക്കി. ഇതിൻ്റെ പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്.
ഡാൻസ് ടാസ്ക് ആണ് ഈ ആഴ്ച ഹൗസിൽ നടക്കുന്നത്. ആദ്യ ദിവസത്തെ ടാസ്കിൽ പലരും ഡാൻസ് ചെയ്തിരുന്നു. രണ്ടാം ദിവസത്തിലാണ് ബിഗ് ബോസിൻ്റെ കടുത്ത തീരുമാനങ്ങൾ. ഗ്യാസും വെള്ളവും നിഷേധിച്ചതറിയുമ്പോൾ മത്സരാർത്ഥികൾ ആശങ്കപ്പെടുന്നതും ബിഗ് ബോസിനോട് പരാതി പറയുന്നതും പ്രൊമോയിൽ കാണാം. 'ഗ്യാസും വെള്ളവും ഓണാക്കാമോ?' എന്ന് ക്യാപ്റ്റൻ ആദിലയടക്കം പലരും ചോദിക്കുന്നുണ്ട്. ഇതിനിടെയാണ് ശുചിമുറിയിലേക്കുള്ള വാതിൽ അടയ്ക്കുന്നതും.
മത്സരാർത്ഥികൾ ആശങ്കയോടെ നിൽക്കുന്ന സമയത്ത് ബിഗ് ബോസിൻ്റെ അനൗൺസ്മെൻ്റ് വരുന്നു. ഗ്യാസ്, വാട്ടർ കണക്ഷനുകളും ടോയ്‌ലറ്റ് പ്രവേശനവും നിഷേധിക്കുകയാണെന്നും തിരികെയെടുക്കാൻ ഒരു നിബന്ധനയുണ്ടെന്നുമാണ് അനൗൺസ്മെൻ്റ്. തുടർന്ന് ഗ്യാസ്, വാട്ടർ, ബാത്ത്റൂം എന്നീ ബോർഡുകൾ വച്ച മൂന്ന് സൈക്കിളുകളിൽ ആര്യൻ, ഷാനവാസ്, ലക്ഷ്മി എന്നീ മൂന്ന് പേർ ഇരുന്ന് ചവിട്ടുന്നതാണ് കാണുന്നത്.