
വീക്കെൻഡ് എപ്പിസോഡിൽ കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് ഹൗസിൽ നിന്ന് ജിസേൽ പുറത്തായത്. ഫൈനൽ ഫൈവിലെത്തുമെന്ന് ഉറപ്പുണ്ടായിരുന്ന ഒരു മത്സരാർത്ഥിയായിരുന്നു ജിസേൽ. അതുകൊണ്ട് തന്നെ ജിസേലിൻ്റെ പുറത്താകൽ പ്രേക്ഷകരെ ഞെട്ടിച്ചു. എന്നാൽ, ജിസേൽ സീക്രട്ട് റൂമിലാണെന്നും പുറത്തായിട്ടില്ലെന്നുമാണ് സോഷ്യൽ മീഡിയയുടെ വാദം.
സാധാരണ ബിഗ് ബോസിൽ നിന്നും പുറത്താകുന്നവർ എപ്പിസോഡ് പുറത്തുവന്ന് മണിക്കൂറുകൾക്കകം വിമാനത്താവളങ്ങളിൽ എത്താറുണ്ട്. പലരെയും കൊച്ചി വിമാനത്താവളത്തിലാണ് കണ്ടിട്ടുള്ളത്. ഇവിടെ ഇവരെ കാത്തുനിൽക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്ക് ബൈറ്റുകളും നൽകിയശേഷമാണ് ഇവർ വീടുകളിലേക്ക് പോകുന്നത്. ശനിയാഴ്ചത്തെ എപ്പിസോഡിൽ പുറത്തായ ഒനീലിനെയും വിമാനത്താവളത്തിൽ കണ്ടു.
എന്നാൽ, ഞായറാഴ്ച പുറത്തായ ജിസേലിനെ ഇതുവരെ എവിടെയും കണ്ടിട്ടില്ലെന്നാണ് ചിലരുടെ അവകാശവാദം. ഒനീലിൻ്റെ ഇൻഡിഗോ വിമാനടിക്കറ്റ് പുറത്തുവന്നെന്നും ജിസേലിൻ്റെ ടിക്കറ്റ് പുറത്ത് കണ്ടില്ലെന്നുമൊക്കെ സോഷ്യൽ മീഡിയ വാദിക്കുന്നത്. അതേസമയം, ഹൗസിൽ നിന്ന് പുറത്തായി മോഹൻലാലിനോടും ഹൗസ്മേറ്റ്സിനോടും യാത്ര പറഞ്ഞ് ജിസേൽ പുറത്തേക്ക് പോകുന്നത് ബിഗ് ബോസ് എപ്പിസോഡിൽ കാണിച്ചിരുന്നു. അതിനുശേഷം അഞ്ജന നമ്പ്യാർക്ക് എക്സിറ്റ് ഇൻ്റർവ്യൂ നൽകുകയും ചെയ്തു.
സാധാരണ സീക്രട്ട് റൂമിലേക്ക് മാറ്റുന്ന മത്സരാർത്ഥികളെ എപ്പിസോഡിലും ലൈവിലും കാണിക്കാറുണ്ട്. ഹൗസ്മേറ്റ്സിനാണ് ഇവരെപ്പറ്റി വിവരമില്ലാതിരിക്കുക. പ്രേക്ഷകർക്ക് ഇവരെ കാണാനാവും. എന്നാൽ, ഇതൊന്നും നടന്നിട്ടില്ലാത്തതിനാൽ ജിസേൽ പുറത്തേക്ക് തന്നെയെന്നാണ് മറ്റൊരു വിവരം.