കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട തട്ടിപ്പിൽ ഡൽഹി സ്വദേശിയായ വാഹന ഇടപാടുകാരനെതിരെ കൊച്ചി പോലീസ് കേസെടുത്തു. ഡൽഹി സ്വദേശി രോഹിത് ബേദിക്കെതിരെയാണ് എറണാകുളം സ്വദേശി നൽകിയ പരാതിയിൽ കേസെടുത്തിരിക്കുന്നത്.(Bhutan vehicle smuggling, Case registered against Delhi native)
എംബസി ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ആഡംബര വാഹനമായ ലാൻഡ് ക്രൂയിസർ ആണെന്ന് വിശ്വസിപ്പിച്ചാണ് പ്രതി ഇയാളെ കബളിപ്പിച്ചത്. വാഹന ഇടപാടിന്റെ ഭാഗമായി 14 ലക്ഷം രൂപ രോഹിത് ബേദി തട്ടിയെടുത്തെന്നാണ് പരാതി.
എംബസി വാഹനമെന്ന വ്യാജേന ഭൂട്ടാൻ രജിസ്‌ട്രേഷനിലുള്ള വാഹനങ്ങൾ കേരളത്തിലേക്ക് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് രോഹിത് എന്ന് സംശയിക്കുന്നു. ഈ വാഹനം നേരത്തെ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. വിദേശ നിർമ്മിത ആഡംബര വാഹനങ്ങൾ നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തുന്നത് തടയാൻ കസ്റ്റംസ് നടത്തുന്ന 'ഓപ്പറേഷൻ നുംഖോർ' എന്ന പരിശോധനയുടെ ഭാഗമായാണ് ലാൻഡ് ക്രൂയിസർ കസ്റ്റഡിയിലെടുത്തത്.