ആലപ്പുഴ: ആലപ്പുഴ നൂറനാട് മന്ത്രി പി.പ്രസാദിൻ്റെ വീടിനു മുന്നിൽ സംഘർഷം. ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ വിളക്കുകൊളുത്താൻ ബിജെപി പ്രവർത്തകർ ശ്രമിച്ചു. ഇത് സിപിഐ പ്രവർത്തകർ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.
രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി മന്ത്രി പ്രസാദ് ബഹിഷ്കരിച്ചിരുന്നു. പരിപാടി നടക്കുന്ന വേദിയിലെ കാവിക്കൊടിയേന്തി നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലിയായിരുന്നു ബഹിഷ്‌കരണം. രാജ്ഭവനിലെ വേദിയില്‍ ആര്‍എസ്എസ് പരിപാടികളിൽ ഉപയോഗിക്കുന്ന ചിത്രമുണ്ടെന്ന് ആരോപിച്ച് മന്ത്രി പരിപാടിയില്‍ നിന്ന് വിട്ടുനിന്നു.
സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതി ദിനാഘോഷം രാജ്ഭവനില്‍വെച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷിമന്ത്രി പി. പ്രസാദും സംയുക്തമായി ഉദ്ഘാടനം ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ വേദിയിലെ ചിത്രത്തെക്കുറിച്ചുള്ള അതൃപ്തി രാജ്ഭവന്‍ അധികൃതരെ കൃഷിവകുപ്പ് അറിയിച്ചു. രാജ്ഭവന്റെ സെന്‍ട്രല്‍ ഹാളിലെ ഈ ചിത്രം നേരത്തെതന്നെ ഉണ്ടായിരുന്നതാണെന്നും മുന്‍പ് പല പരിപാടികളും ഈ പശ്ചാത്തലത്തില്‍ നടന്നതാണെന്നും ചിത്രം നീക്കാനാകില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു. ഇതോടെയാണ് മന്ത്രി പരിപാടി ബഹിഷ്‌കരിച്ചത്.
പിന്നീട് ഗവർണർ സ്വന്തം നിലക്ക് പരിപാടി നടത്തുകയും ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. പരിപാടി മാറ്റിയ സർക്കാർ നടപടിയെ ഗവർണർ വിമർശിക്കുകയും ചെയ്തിരുന്നു.