
കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ കലയെയും കാർഷികതയേയും കൂട്ടിയിണക്കി പ്രതിവാര സായാഹ്നങ്ങൾ ഒരുക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം 4 മുതൽ 7 മണി വരെയാണ് ഗ്രാമീണ ജൈവ വിഭവ വിപണിയും കേരളീയതയുടെ സാംസ്‌കാരിക സായാഹ്നങ്ങളും ഒരുക്കുന്നത്. കാർഷിക സംസ്‌കൃതിയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ഭാരത് ഭവൻ കേരളത്തിന്റെ വിവിധ ഇടങ്ങളിൽ നടത്തിവരുന്ന തിയട്രോൺ ഫാർമെയുടെ പുതിയപ്രവർത്തനങ്ങളെ കുറിച്ച് ഗ്രാമച്ചന്തയിൽ ജനകീയ ചർച്ചയൊരുക്കും. ജീവിത ശൈലീ രോഗങ്ങങ്ങളിലകപ്പെടുന്ന മലയാളികൾക്ക് മനസ്സിനും ശരീരത്തിനും ഉണർവ്വേകുന്ന പദ്ധതിക്കാണ് ഭാരത് ഭവൻ ഇതുവഴി തുടക്കമിടുന്നത്. ആഴ്ചയിലെ ആദ്യ മൂന്നുദിവസങ്ങളിൽ കളരി പരിശീലനവും ചിങ്ങം ഒന്നുമുതൽ തുടങ്ങുന്നുണ്ട്.
ജൈവ കാർഷികതയുടെ പ്രാധാന്യത്തെ അടിസ്ഥാനമാക്കി മട്ടുപ്പാവ് കൃഷി, മീൻ വളർത്തൽ അടുക്കളത്തോട്ടം തുടങ്ങിയ വിഷയങ്ങളിൽ അതാത് മേഖലയിലെ പ്രമുഖരായ വ്യക്തിത്വങ്ങളുടെ പ്രായോഗിക പരിശീലന ക്‌ളാസ്സുകളും സർക്കാർ മുഖാന്തിരം നൽകുന്ന ആനുകൂല്യങ്ങളും മറ്റ് സേവനങ്ങളും വെള്ളിയാഴ്ചകളിലെ ഗ്രാമച്ചന്തയിൽ അവതരിക്കപ്പെടും. കൂടാതെ മൺ പാട്ടുകൾ ,വിത്തുപാട്ടുകൾ വിതപ്പാട്ടുകൾ, കൊയ്ത്തുപാട്ട് ഗ്രാമീണഗാനങ്ങൾ വിവിധ ഗായക സംഘങ്ങൾ ഗ്രാമ ചന്തയുടെ മണ്ണരങ് വേദിയിൽ അവതരിപ്പിക്കും.. 2025 ഓഗസ്റ്റ് 13 ന് വൈകുന്നേരം 5 മണിക്ക് ബഹു.സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാൻ ഗ്രാമച്ചന്തയുടെ ഉദ്ഘാടനം നിർവ്വഹിക്കും. ആന്റണി രാജു എം എൽ എ യുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി .പ്രസാദ് തലസ്ഥാനത്തെ മികച്ച കർഷകരെ ആദരിക്കും.
ഭാരത് ഭവന്റെ മണ്ണരങ് ഗ്രാമ ചന്തയുടെ പ്രഥമ സംരഭം 2025 ആഗസ്റ്റ് 13 ,14 ,15 തീയ്യതികളിൽ രാവിലെ മുതൽ വൈകുന്നേരം വരെ ഉണ്ടാകും. തുടർന്ന് എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരങ്ങളിൽ ഭാരത് ഭവൻ മണ്ണരങ്ങിൽ പൊതു സമൂഹത്തിനായി ഗ്രാമച്ചന്തയും ഗാനസായാഹ്നങ്ങളും കാലഹരണപ്പെട്ടുപോകുന്ന നാട്ടുകലകളുടെ അവതരണങ്ങളും ഉണ്ടാകുമെന്ന് പദ്ധതിയുടെ രൂപകൽപന നിർവ്വഹിച്ച ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂർ അറിയിച്ചു..
ഓരോ ആഴ്ചയും ഗ്രാമീണ കാർഷിക മേഖലയിലെയും കലാ സംഘങ്ങളിലെയും നിസ്വാർത്ഥ പ്രവർത്തകർക്കുള്ള ആദരം നൽകും.നറുക്കെടുപ്പിലൂടെ ഗ്രാമീണ കർഷകർക്ക് ഓണപ്പുടവകൾ നൽകും.ഗ്രാമീണതയ്‌ക്കൊപ്പം കരകൗശലമേളയും കൈത്തറി ഉത്പന്നങ്ങളും, തൊഴിൽപ്പാട്ടുകളും തെരുവ് ഗായകസംഘങ്ങളും തുടർ ദിനങ്ങളിൽ മണ്ണരങ്ങിലെ വെള്ളിയാഴ്ചകളെ കലാകാർഷിക നന്മകളാൽ സമൃദ്ധമാക്കും.
തിരുവനന്തപുരം ജില്ലയിലെ വിവിധ കാർഷിക മേഖലകളിൽ നിന്നും എത്തിക്കുന്ന ജൈവ പച്ചക്കറി വിഭവങ്ങളും, വീടുകളിൽ നിന്നും എത്തിക്കുന്ന ഉത്പന്നങ്ങളും ഗ്രാമച്ചന്തയിലുണ്ടാകും. ഒപ്പം മില്ലെറ്റ്സിന്റെ വൈവിധ്യമാർന്ന അമ്മയൂട്ട് ഭക്ഷ്യ വിഭവങ്ങൾ, പലതരം പൂക്കളാൽ തയ്യാറാക്കിയ ചായ, വിവിധയിനം നാടൻ തേനുകൾ, പായസങ്ങൾ, മധുരപലഹാരങ്ങൾ തുടങ്ങി പ്രകൃതിയുമായി ഇണങ്ങിയ വിഭവങ്ങൾ ഗ്രാമച്ചന്തയിൽ മിതമായ വിലയിൽ ലഭ്യമാകും.