

കൊച്ചി: വലിയ പ്രതീക്ഷകളോടെ എത്തിയ ദിലീപ് ചിത്രം 'ഭ ഭ ബ' ബോക്സോഫീസിൽ കനത്ത തിരിച്ചടി നേരിടുന്നു. 40 കോടി രൂപ ബജറ്റിൽ ഒരുക്കിയ ചിത്രം ഇതുവരെ പകുതി മുടക്കുമുതൽ പോലും തിരിച്ചുപിടിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ ഇൻഡസ്ട്രി ട്രാക്കർമാരായ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം 19.80 കോടി രൂപയാണ് ചിത്രം ഇതുവരെ തിയറ്ററുകളിൽ നിന്ന് നേടിയത്.
രണ്ടാം ഭാഗം വരുന്നു: സിനിമയുടെ കളക്ഷൻ സംബന്ധിച്ച ചർച്ചകൾക്കിടയിലും ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ധനഞ്ജയ് ശങ്കറും തിരക്കഥാകൃത്ത് ഫഹീമും. ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും വരാനിരിക്കുന്ന വലിയ സർപ്രൈസുകളെക്കുറിച്ച് മനസ്സ് തുറന്നത്.
'ഭ ഭ ബ'യുടെ രണ്ടാം ഭാഗത്തിൽ സൂപ്പർസ്റ്റാർ മോഹൻലാൽ മുഴുനീള വേഷത്തിൽ എത്തുമെന്നാണ് സംവിധായകൻ പറയുന്നത്. ഇതൊരു 'ബ്രദർ സ്റ്റോറി' (സഹോദരങ്ങളുടെ കഥ) ആയിരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒന്നാം ഭാഗത്തിൽ ദിലീപിന്റെ കഥാപാത്രത്തിന് പേര് നൽകിയിരുന്നില്ല. സിനിമയുടെ അവസാന ഭാഗത്താണ് പേര് വെളിപ്പെടുത്തുന്നത്. ഇത് രണ്ടാം ഭാഗത്തിലേക്കുള്ള ഒരു സൂചന കൂടിയാണെന്ന് അണിയറപ്രവർത്തകർ പറയുന്നു.
പാർട്ട് 2 ഉൾപ്പെടെ കണക്കിലെടുത്താണ് സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. ആദ്യ ഭാഗത്തിൽ പ്രേക്ഷകർക്ക് ലഭിച്ച പല സൂചനകളും രണ്ടാം ഭാഗത്തിൽ കൃത്യമായി കണക്ട് ചെയ്യപ്പെടുമെന്നും പൂർണ്ണതയില്ലാത്ത കാര്യങ്ങൾക്ക് അടുത്ത പാർട്ടിൽ ക്ലാരിറ്റി ഉണ്ടാകുമെന്നും തിരക്കഥാകൃത്ത് ഫഹീം പറഞ്ഞു.
തെന്നിന്ത്യൻ താരം എസ്.ജെ. സൂര്യയെ ചിത്രത്തിലെത്തിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും നിർമ്മാതാക്കളുടെ പൂർണ്ണ പിന്തുണയോടെയാണ് രണ്ടാം ഭാഗത്തിന്റെ പ്ലാനുകൾ മുന്നോട്ട് പോകുന്നതെന്നും ഇരുവരും കൂട്ടിചേർത്തു.
ആദ്യ ഭാഗത്തിന്റെ ബോക്സോഫീസ് പരാജയം രണ്ടാം ഭാഗത്തിന്റെ നിർമ്മാണത്തെ ബാധിക്കുമോ എന്ന് സിനിമാ പ്രേമികൾക്കിടയിൽ ആശങ്കയുണ്ട്. എന്നാൽ മോഹൻലാൽ കൂടി എത്തുന്നതോടെ ചിത്രം വലിയൊരു തിരിച്ചുവരവ് നടത്തുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.