

വടക്കൻ ആഫ്രിക്ക: എലികളും അണ്ണാനുമൊക്കെയായി നമ്മുക്ക് സുപരിചിതമായ മൂഷിക വിഭാഗത്തിലെ കൗതുകകരമായ ഒരംഗമാണ് 'ഗുണ്ടി'. വടക്കൻ ആഫ്രിക്കയിലെ പാറക്കെട്ടുകൾ നിറഞ്ഞ ഊഷരഭൂമികളിലാണ് ഇവയുടെ വാസം. ഭാരം കുറവും വലുപ്പം കുറഞ്ഞതുമായ ഈ ജീവിക്ക് അഭിനയത്തിലുള്ള കഴിവാണ് ഇവയെ വേറിട്ട് നിർത്തുന്നത്.
ഗുണ്ടി: രൂപവും സവിശേഷതകളും
പരമാവധി കാൽമീറ്റർ മാത്രം വലുപ്പവും 200 ഗ്രാം വരെ ഭാരവുമാണ് ഗുണ്ടിക്കുള്ളത്. പതിഞ്ഞ മൂക്ക്, വലിയ കണ്ണുകൾ, ചെറിയ ചെവികൾ, രോമാവൃതമായ വാൽ എന്നിവയുള്ള ഇവയെ ഒറ്റനോട്ടത്തിൽ ഗിനിപ്പന്നികളോ പൈകകളോ ആണെന്ന് തോന്നും.ഇവയുടെ പിൻകാൽപാദങ്ങളിൽ ചീർപ്പിലേതുപോലെ പുറത്തേക്കുള്ള നാരുകൾ കാണാം. ഈ സവിശേഷത കാരണം ഇവയെ 'ചീർപ്പെലികൾ' എന്നും വിശേഷിപ്പിക്കാറുണ്ട്.വാരിയെല്ലുകളുടെ പ്രത്യേകത: പാറക്കെട്ടുകളിലെ വിടവുകളിലും മാളങ്ങളിലുമാണ് ഇവയുടെ താമസം. ഇവയുടെ വാരിയെല്ലുകൾ വളരെ 'ഫ്ളക്സിബിൾ' ആയതിനാൽ ഏറ്റവും ചെറിയ വിടവുകളിലേക്ക് പോലും ശരീരം കയറ്റി വേട്ടമൃഗങ്ങളിൽ നിന്ന് രക്ഷനേടാൻ സാധിക്കുന്നു.
അഭിനയത്തിലെ 'താനോറ്റോസിസ്'
ഗുണ്ടിയുടെ ഏറ്റവും ശ്രദ്ധേയമായ കഴിവ് അതിജീവനത്തിനായി നടത്തുന്ന അഭിനയമാണ്.ശത്രുക്കൾ അടുത്തെത്തി രക്ഷപ്പെടാൻ അവസരമില്ലാതായാൽ ഗുണ്ടി ശരീരം മരവിപ്പിച്ച് ചത്തതുപോലെ കിടക്കും. കുറേ നേരത്തേക്ക് ശ്വാസം പോലും പുറത്തുവിടില്ല.
ഗുണ്ടിയുടെ ഈ 'നാട്യം' കണ്ട് വേട്ടമൃഗം ആശയക്കുഴപ്പത്തിലാകുമ്പോൾ, തക്കംനോക്കി ഗുണ്ടി രക്ഷപ്പെടും.
ജന്തുലോകത്ത് പല ജീവികളും ഉപയോഗിക്കുന്ന ഈ രീതിയെ ഗവേഷകർ 'താനോറ്റോസിസ്' (Thanatosis) എന്നാണ് വിശേഷിപ്പിക്കുന്നത്.
മരുഭൂമിയിലെ ജീവിതം
മരുഭൂമിയിലെ പൂക്കളും കായകളും ഇലകളുമാണ് ഗുണ്ടിയുടെ പ്രധാന ആഹാരം.ഈ ജീവികൾ വെള്ളം കുടിക്കാറില്ല. ഭക്ഷണത്തിൽ നിന്ന് മാത്രമാണ് ജലാംശം നേടുന്നത്. ഈ സവിശേഷതയാണ് മരുഭൂമിയിലെ കഠിനമായ ജീവിതത്തിന് ഇവയെ പ്രാപ്തമാക്കുന്നത്.നൂറുകണക്കിന് അംഗങ്ങൾ അടങ്ങുന്ന കോളനികളിലായിട്ടാണ് ഇവ സംഘമായി ജീവിക്കുന്നത്. വടക്കേ ആഫ്രിക്കൻ മരുഭൂമിയിലെ ഭക്ഷണശൃംഖലയിലെ പ്രധാന അംഗം കൂടിയാണ് ഗുണ്ടി.