

കോഴിക്കോട്: ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്ന വ്യവസായിയുടെ വാഹനം ആക്രമിച്ചു തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. കൊടുങ്ങല്ലൂർ ചെന്ത്രാപ്പിന്നി സ്വദേശിയായ സുഹാസ് (40-അപ്പു) ആണ് കോഴിക്കോട് ചേവായൂർ ജങ്ഷനിൽ നിന്ന് രക്ഷപ്പെട്ടത്.
വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം. കൊടുങ്ങല്ലൂരിൽനിന്ന് അറസ്റ്റുചെയ്ത പ്രതിയുമായി വയനാട്ടിലേക്ക് പോകുന്ന വഴി കോഴിക്കോട് ചേവായൂർ ജങ്ഷനിൽ ചായകുടിക്കാൻ നിർത്തി.വയനാട്ടിലെ സുൽത്താൻബത്തേരി എസ്.ഐ. സി. രാംകുമാറിൻ്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് കൈവിലങ്ങുണ്ടായിരുന്നുവെങ്കിലും, ചായകുടിക്കുന്നതിനായി ഒരു കൈവിലങ്ങ് അഴിച്ചുമാറ്റി. ഈ സമയം ഗ്ലാസ് കൊടുക്കാൻ പോലീസുകാരൻ പോയ തക്കത്തിന്, പോലീസുകാരനെ തട്ടിമാറ്റി സുഹാസ് രക്ഷപ്പെടുകയായിരുന്നു. ഉടൻ പോലീസ് പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
വ്യവസായിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒരു ഉദ്യോഗസ്ഥൻ കാറുമായും ബാക്കിയുള്ളവർ പ്രതിക്കൊപ്പവുമാണ് യാത്ര ചെയ്തിരുന്നത്.സുഹാസ് 2018-ൽ തിരുനെല്ലിയിൽ വെച്ച് രാത്രി ബസ് തടഞ്ഞ് കവർച്ച നടത്തിയ സംഭവത്തിലെ പ്രതിയാണ്.ഈ സംഭവത്തിൽ പ്രതിയുടെ സഹായിയായ പുൽപള്ളി സ്വദേശി രാജനെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.