തിരുവനന്തപുരം: ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞ കെ. വേണുവിന്റെ (60) മരണത്തിൽ ഗുരുതര ആരോപണങ്ങളുമായി ഭാര്യ സിന്ധു രംഗത്ത്. കൃത്യസമയത്ത് ആൻജിയോഗ്രാം ഉൾപ്പെടെയുള്ള വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്നാണ് പ്രധാന ആക്ഷേപം. എന്നാൽ, രോഗിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് സാധ്യമായ എല്ലാ ശാസ്ത്രീയ ചികിത്സകളും നൽകിയിരുന്നു എന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.(Begged the doctors to save him, says Venu's wife with pain)
ബുധനാഴ്ച ഉച്ചയ്ക്ക് ഐസിയുവിലേക്ക് മാറ്റുമ്പോൾ "മക്കളെ നോക്കിയേക്കണേ" എന്നാണ് വേണു അവസാനമായി പറഞ്ഞത് എന്നാണ് ഭാര്യ പറഞ്ഞത്. വെള്ളിയാഴ്ച രാത്രി ഗ്യാസിന്റെ പ്രശ്നമെന്നു കരുതിയാണ് വേണു കിടന്നത്. പിറ്റേന്ന് രാവിലെ തൊണ്ടവേദനയും അനുഭവപ്പെട്ടു. പ്രാഥമിക പരിശോധനയിൽ ഇസിജിയിൽ വ്യത്യാസം കണ്ടതിനെത്തുടർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് ജില്ലാ ആശുപത്രിയിലേക്കും റഫർ ചെയ്തു.
ജില്ലാ ആശുപത്രിയിലെ രക്തപരിശോധനയിലാണ് ഹൃദയാഘാതം സ്ഥിരീകരിച്ചത്. അവിടെനിന്ന് ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചു. ഞായറാഴ്ച കാർഡിയോളജി ഡോക്ടർ ഇല്ലായിരുന്നു. തിങ്കളാഴ്ച ഡോക്ടറെ കണ്ടെങ്കിലും ഐസിയുവിൽ തിരക്കായതിനാൽ ബുധനാഴ്ചയോ വെള്ളിയാഴ്ചയോ ആൻജിയോഗ്രാം നടത്താമെന്നാണ് അറിയിച്ചത്.
ബുധനാഴ്ച ആൻജിയോഗ്രാം ചെയ്യാനുള്ള പട്ടികയിൽ വേണുവിന്റെ പേര് ഉണ്ടായിരുന്നില്ല. അറ്റാക്ക് വന്ന് മൂന്ന് മണിക്കൂറിനുള്ളിൽ ആൻജിയോഗ്രാം ചെയ്തില്ലെങ്കിൽ മരുന്ന് കഴിച്ച് അഞ്ച് ദിവസം കഴിഞ്ഞേ പറ്റൂ എന്നായിരുന്നു ഡോക്ടറുടെ മറുപടി. പണ്ട് സ്ട്രോക്ക് വന്നതുകൊണ്ടാണ് തലവേദനയെന്ന് ഡോക്ടർ പറഞ്ഞെങ്കിലും കുറിച്ച ഗുളികകളൊന്നും വാർഡിൽ ലഭിച്ചില്ല.
ബുധനാഴ്ച ഉച്ചയ്ക്ക് എക്കോ എടുക്കാൻ പോയപ്പോഴാണ് ശ്വാസം മുട്ടലിനെത്തുടർന്ന് ഐസിയുവിലേക്ക് മാറ്റിയതും, രാത്രി 10:45ഓടെ മരണം സംഭവിച്ചതും. "ഇതു നേരത്തേ മനസ്സിലാക്കിയിരുന്നെങ്കിൽ ചേട്ടൻ ഇന്നും ജീവിക്കുമായിരുന്നു," സിന്ധു ദുഃഖത്തോടെ പറഞ്ഞു.
ഹൃദ്രോഗചികിത്സയ്ക്ക് പ്രവേശിപ്പിച്ച കെ. വേണുവിന് സാധ്യമായ എല്ലാ ചികിത്സകളും നൽകിയിരുന്നു എന്ന് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. സി.ജി. ജയചന്ദ്രൻ പ്രതികരിച്ചു. ഏതു വിധത്തിലുള്ള ശാസ്ത്രീയ പരിശോധനയിലൂടെയും ഇത് തെളിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നെഞ്ചുവേദനയുമായി ഒന്നിന് രാത്രി 7:47-നാണ് വേണുവിനെ എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതം സംഭവിച്ച് 24 മണിക്കൂറിനു ശേഷമാണ് അദ്ദേഹം ആശുപത്രിയിലെത്തുന്നത്. രോഗിയിൽ ക്രിയാറ്റിൻ തോത് കൂടുതലായിരുന്നു. ഈ സാഹചര്യത്തിൽ ആൻജിയോഗ്രാമോ ആൻജിയോപ്ലാസ്റ്റിയോ ചെയ്താൽ വൃക്കകൾ തകരാറിലാകാൻ സാധ്യതയുണ്ടായിരുന്നു. അതുകൊണ്ടാണ് മരുന്നുകൾ നൽകിയുള്ള ചികിത്സ ശുപാർശ ചെയ്തത്.
വേണുവിന് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, പക്ഷാഘാതം എന്നിവ നേരത്തേ ഉണ്ടായിരുന്നു. ബുധനാഴ്ച വൈകിട്ട് 6:15-ന് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് എക്കോ ലാബിലേക്ക് കൊണ്ടുപോകുന്നതിനിടെ ശ്വാസംമുട്ടൽ ഉണ്ടായി. 7:15-ന് ഐസിയുവിലേക്ക് മാറ്റുകയും വെന്റിലേറ്റർ നൽകുകയും ചെയ്തു. രോഗിക്ക് തുടർച്ചയായി ഹൃദയാഘാതമുണ്ടായതിനെത്തുടർന്നാണ് 10:45-ന് മരണം സംഭവിച്ചതെന്നും സൂപ്രണ്ട് വിശദീകരിച്ചു.