ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവം; കുറ്റപത്രം സമർപ്പിച്ച് പൊലീസ്

ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവം; കുറ്റപത്രം സമർപ്പിച്ച് പൊലീസ്
Published on

തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. കാലടി സ്വദേശിനി ലിവിയ ജോസിനെയും, തൃപ്പുണിത്തുറ സ്വദേശി നാരായണദാസിനെയും പ്രതിയാക്കി, തൃശ്ശൂർ സെഷൻസ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ.

ലിവിയ ജോസിനെയും സുഹൃത്തായ നാരായണ ദാസിനെയും ചേർന്നാണ് ബംഗളൂരുവിൽ നിന്ന് വ്യാജ ലഹരി സ്റ്റാംപ് കൈക്കലാക്കി ഷീല സണ്ണിയുടെ ബാഗിൽ വെച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഷീല സണ്ണി ലിവിയയെ സ്വഭാവ ദൂഷ്യം ആരോപിച്ചതിന്റെ വൈരാഗ്യമായിരുന്നു ഷീല സണ്ണി ലഹരി കേസിൽ കുടുക്കാനുള്ള കാരണം. എന്നാൽ പരിശോധനയിൽ ലഹരി സ്റ്റാംപ് വ്യാജമായതോടെ കേസ് പൊളിയുകയായിരുന്നു.

2023 മാര്‍ച്ച് 27 നാണ് ഷീലാ സണ്ണിയുടെ സ്കൂട്ടറിലെ ബാഗില്‍ നിന്നും എല്‍എസ്ഡി സ്റ്റാമ്പുകളെന്ന് പറയുന്ന വസ്തുക്കള്‍ പിടികൂടിയത്. തുടര്‍ന്ന് അറസ്റ്റിലായ ഷീല സണ്ണി, 72 ദിവസം ജയിലാവുകയും ചെയ്തു. പിന്നീട് നടത്തിയ രാസ പരിശോധനയില്‍ വ്യാജ ലഹരിയാണെന്ന് വ്യക്തമായതോടെ ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കുകയായിരുന്നു.ഷീല സണ്ണിയുടെ വാഹനത്തിൽ ലഹരി മരുന്ന് വെച്ച ശേഷം അക്കാര്യം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം ലിവിയയിലേക്ക് എത്തുന്നത്. ലിവിയയുടെ നിര്‍ദേശപ്രകാരമാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽ എല്‍ എസ്ഡി സ്റ്റാംപ് വെച്ചതെന്ന് നാരായണ ദാസ് പൊലീസിന് മൊഴി നൽകിയിരുന്നു. ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോള്‍ ലിവിയ ദുബായിലേക്ക് കടക്കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com