

ആലപ്പുഴ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണിയിൽ 40 സീറ്റുകൾ ആവശ്യപ്പെടാൻ ബി.ഡി.ജെ.എസ് കോർ കമ്മിറ്റി തീരുമാനിച്ചു. 2016-ൽ 30 സീറ്റുകളിലാണ് പാർട്ടി മത്സരിച്ചിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ എൻ.ഡി.എ കൈവരിച്ച വോട്ടുവിഹിതത്തിൽ ബി.ഡി.ജെ.എസ് വഹിച്ച നിർണ്ണായക പങ്ക് പരിഗണിക്കുമ്പോൾ 40 സീറ്റുകൾക്ക് തങ്ങൾക്ക് അർഹതയുണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
മുന്നണിയുടെ വോട്ടുവിഹിതം വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് തങ്ങളാണെന്നും അതിനാൽ കൂടുതൽ സീറ്റുകൾ വേണമെന്നും പാർട്ടി ആവശ്യപ്പെടും. ബി.ഡി.ജെ.എസ് സഹായത്തോടെ എൻ.ഡി.എ എ ക്ലാസ് പദവിയിലെത്തിയ മണ്ഡലങ്ങൾ പാർട്ടി നേതാക്കൾക്കും അവകാശപ്പെട്ടതാണ്. വട്ടിയൂർക്കാവ്, കൊടുങ്ങല്ലൂർ, തൃപ്പൂണിത്തറ, കരുനാഗപ്പള്ളി തുടങ്ങിയ മണ്ഡലങ്ങൾക്കായി ബി.ഡി.ജെ.എസ് സമ്മർദ്ദം ചെലുത്തും.
പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഒരു എ ക്ലാസ് മണ്ഡലത്തിൽ തന്നെ ഇത്തവണ ജനവിധി തേടണമെന്നും കമ്മിറ്റി തീരുമാനിച്ചു.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കരി ഓയിൽ ഒഴിക്കണമെന്ന് പ്രസ്താവന നടത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടപടിയെടുക്കാത്ത കോൺഗ്രസ് നേതൃത്വത്തെ ബി.ഡി.ജെ.എസ് വിമർശിച്ചു. ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
സ്ഥാനാർത്ഥികളുടെ കരടുപട്ടിക ചർച്ച ചെയ്യുന്നതിനായി ഈ മാസം 21-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആലപ്പുഴ പ്രിൻസ് ഹോട്ടലിൽ സംസ്ഥാന കൗൺസിൽ യോഗം ചേരും. സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഈ മാസം തന്നെ പ്രഖ്യാപിക്കാനാണ് പാർട്ടിയുടെ തീരുമാനം.