
ബിഗ് ബോസിൽ മിഡ്‌വീക്ക് എവിക്ഷൻ. എവിക്ഷനിൽ ആദില പുറത്തുപോകുമെന്നാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോ സൂചിപ്പിക്കുന്നത്. മുൻ സീസണുകളിലും മത്സരഗതിയെ തകിടം മറിച്ച മിഡ്‌വീക്ക് എവിക്ഷനുകൾ നടന്നിട്ടുണ്ടായിരുന്നു. അത്തരം ഒരു പുറത്താകലാണ് ആദിലക്ക് സംഭവിക്കുന്നത്.
മത്സരാർത്ഥികളെ ലിവിങ് റൂമിലെ സോഫയിൽ കൊണ്ടുവന്നിരുത്തിയിട്ട് ഇത് മിഡ്‌വീക്ക് എവിക്ഷനാണെന്ന് ബിഗ് ബോസ് മുന്നറിയിപ്പ് നൽകുന്നു. തുടർന്ന് നടക്കുന്ന വോട്ടെടുപ്പിൽ ആര് പുറത്താവണമെന്ന് മത്സരാർത്ഥികൾ പറയുന്നു. അനീഷ് ആര്യൻ്റെ പേര് പറയുന്നു. കാശുള്ളതിനാൽ തനിക്ക് വോട്ട് ലഭിക്കുമെന്നതാണ് ആര്യൻ വിചാരിക്കുന്നതെന്നാണ് അനീഷിൻ്റെ ആരോപണം. അനാവശ്യം പറയരുത് എന്ന് ആര്യൻ മുന്നറിയിപ്പ് നൽകുന്നു.
ഷാനവാസ്, ലക്ഷ്മി, ആര്യൻ എന്നിവർ ആദില പുറത്തുപോകണമെന്ന് ആവശ്യപ്പെടുന്നു. തരത്തിനനുസരിച്ച് നിറം മാറുന്ന സ്വഭാവമാണ് ആദിലയ്ക്കെന്നും അതുകൊണ്ട് ആദില പുറത്തുപോകണമെന്നാണ് തൻ്റെ ആഗ്രഹമെന്നും ഷാനവാസ് പറയുന്നു. സീരിയൽ കാണിക്കേണ്ട കാര്യമില്ലെന്നും ഷാനവാസ് പുറത്തുപോകണമെന്നും ആദില തിരിച്ചുപറയുന്നു. വോട്ടെടുപ്പിൽ കൂടുതൽ വോട്ട് ലഭിച്ച ആദിലയോട് ‘ബാക്കിയുള്ളവരോട് യാത്ര പറഞ്ഞിട്ട് പ്രധാന വാതിലിലൂടെ പുറത്തേക്ക് വരാം’ എന്ന് ബിഗ് ബോസ് പറയുന്നു. യാത്ര പറയുന്നതിനിടെ ആദില അക്ബറിനെ ആലിംഗനം ചെയ്ത്, കരഞ്ഞ് ക്ഷമ ചോദിക്കുന്നുണ്ട്. ഹസ്തദാനം ചെയ്യാൻ പോകുമ്പോൾ ഷാനവാസ് അതിന് തയ്യാറാവുന്നില്ല.
എന്നാൽ, മിഡ്‌വീക്ക് എവിക്ഷനിൽ ആദില പുറത്താവുമോ എന്നതിൽ വ്യക്തതയില്ല. താരത്തെ സീക്രട്ട് റൂമിൽ വച്ചിരിക്കുകയാകാം എന്നാണ് ആരാധകർ പറയുന്നത്. ഇതൊരു പ്രാങ്ക് ആവാൻ സാധ്യതയുണ്ടെന്നും ആരാധകർ പ്രൊമോയുടെ കമൻ്റ് ബോക്സിൽ പറയുന്നു. അതേസമയം, ആദിലയുടെ പുറത്താവൽ ആഘോഷിക്കുന്ന ആരാധകരും നിരവധിയുണ്ട്. കുറച്ചുകാലമായി ആദിലയ്ക്ക് അഹങ്കാരമാണെന്നും പുറത്താവുന്നതാണ് നല്ലതെന്നും പ്രൊമോയിൽ കമൻ്റുകൾ വരുന്നുണ്ട്.