തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാറുകളുടെയും ബിയർ-വൈൻ പാർലറുകളുടെയും പ്രവർത്തന സമയം ഒരു മണിക്കൂർ കൂടി നീട്ടി സർക്കാർ ഉത്തരവിറക്കി. ഇതോടെ ഇന്ന് അർദ്ധരാത്രി 12 മണി വരെ ബാറുകൾക്ക് തുറന്നു പ്രവർത്തിക്കാം.(Bars in the state will remain open until 12 midnight on New Year)
സാധാരണയായി രാത്രി 11 മണി വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. വിനോദസഞ്ചാരികളുടെ വലിയ തിരക്കും ഹോട്ടലുകളിലെ ആഘോഷങ്ങളും പരിഗണിച്ച് ഇത് 12 മണി വരെയാക്കി ഉയർത്തുകയായിരുന്നു. ബാറുകളുടെ സമയം നീട്ടിയെങ്കിലും ബിവറേജസ് കോർപ്പറേഷന്റെ (BEVCO) ഔട്ട്ലെറ്റുകളുടെ സമയത്തിൽ മാറ്റമില്ല. ഇവ പതിവുപോലെ രാത്രി 9 മണിക്ക് അടയ്ക്കും.
പ്രവർത്തന സമയം നീട്ടി നൽകുമ്പോഴും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ആഘോഷങ്ങൾക്കിടയിൽ എന്തെങ്കിലും തരത്തിലുള്ള അതിക്രമങ്ങളോ നിയമലംഘനങ്ങളോ ഉണ്ടായാൽ ബാറുകൾ ഉടൻ അടപ്പിക്കാൻ എക്സൈസിനും പോലീസിനും അധികാരമുണ്ടാകും.