എറണാകുളം : വാർത്താ ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബാർക്ക് ഡേറ്റാ തട്ടിപ്പിൽ റിപ്പോർട്ടർ ടി വി എംഡി ആന്റോ അഗസ്റ്റിൻ രണ്ടാം പ്രതി. 24 ന്യൂസ് ചാനലിലെ സീനിയർ ന്യൂസ് ഹെഡ് ഉണ്ണികൃഷ്ണൻ നൽകിയ പരാതിയിലാണ് കളമശ്ശേരി പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 316 (2), 318 (4), 336(3), 340 (2), 3(5) വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
ഒന്നാം പ്രതിയായ ബാർക് സീനിയർ മാനേജർ പ്രേംനാഥ് റേറ്റിംഗ് ഡാറ്റയിൽ തിരിമറി നടത്തുകയും രണ്ടാം പ്രതിയായ റിപ്പോർട്ടർ ചാനൽ ഉടമക്ക് ബാർക് മീറ്റർ സംബന്ധിച്ച രഹസ്യ വിവരങ്ങൾ കൈമാറുകയും ചെയ്തു. 2025 ജൂലൈ മുതൽ പരാതിക്കാരന്റെ റേറ്റിംഗ് കുറച്ചു കാണിച്ചും രണ്ടാം പ്രതിയുടെ ഉടമസ്ഥതയിലുള്ള റിപ്പോർട്ടർ ചാനൽ ഉടമയുടെ റേറ്റിംഗ് ഉയർത്തി കാണിച്ചും പരസ്യ കമ്പനികളിൽ നിന്നുള്ള പരസ്യങ്ങൾ ലഭിക്കാതിരിക്കാൻ ഇടയാക്കിയെന്നും ഇത് മൂലം പരാതിക്കാരന്റെ ചാനലിന് 15 കോടിയുടെ നഷ്ടമുണ്ടായതായി മൊഴി.
ക്രിപ്റ്റോ കറൻസി വഴിയും ഇടപാടുകൾ നടന്നെന്നും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിനെ കുറിച്ച് വിശദ അന്വേഷണം വേണമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തോട്, വാർത്താ ചാനലുകളുടെ സംഘടനയായ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.വടക്കൻ കേരളത്തിലെ ഇരുപതിനായിരത്തോളം വരുന്ന ഒരു കേബിൾ നെറ്റ് വർക്കിൽ ലാൻഡിംഗ് പേജ് എടുത്ത് റേറ്റിംഗിൽ വൻ വർദ്ധനവുണ്ടാക്കി എന്ന അവകാശ വാദത്തോടെയാണ് ബാർക്ക് തിരിമറിക്ക് ചാനൽ ഉടമ തുടക്കം കുറിച്ചത്.
85 ലക്ഷത്തോളം കേബിൾ കണക്ഷനുകളുള്ള കേരളത്തിൽ ഈ ചെറിയ നെറ്റ് വർക്കിലെ ലാൻ്റിംഗ് പേജ് റേറ്റിംഗിൽ അത്ഭുതങ്ങളുണ്ടാക്കി എന്ന് പരസ്യ ദാതാക്കളേയും ടെലിവിഷൻ പ്രേഷകരേയും അതി വിദശ്ധമായി പറ്റിക്കാൻ ചാനൽ ഉടമയ്ക്കായി. മുഖ്യമന്ത്രിക്ക് ശ്രീകണ്ഠൻ നായർ നൽകിയ പരാതിയിൽ റേറ്റിങ്ങിൽ കൃത്രിമത്വം നടത്താൻ ബാർക് ഉദ്യോഗസ്ഥൻ 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും കേബിൾ ചാനൽ ഉടമകളെ സ്വാധീനിച്ചും വൻ തുക നൽകിയും ലാൻഡിങ് പേജ് കരസ്ഥമാക്കുന്നതിനെതിരെയും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.