

തൃശൂർ: തിരുവില്വാമല റോയൽ ബാറിലെ ജീവനക്കാരൻ സുബ്രഹ്മണ്യനെ മർദിച്ച കേസിൽ ബാറിലെ മുൻ ജീവനക്കാരൻ ഗിരീഷ്, തിരുവില്വാമല സ്വദേശികളായ റിന്റോ, എബിൻ, രഞ്ജിത്ത് എന്നിവരെ പഴയന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ ഗിരീഷും സുഹൃത്തുക്കളും വീണ്ടും ബാറിലെത്തി സുബ്രഹ്മണ്യനെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് മർദനമെന്ന് സുബ്രഹ്മണ്യൻ പറയുന്നു.
പ്രതികൾ സുബ്രഹ്മണ്യന്റെ മുഖത്ത് ആഞ്ഞടിക്കുന്നതും തറയിൽ വീണ സുബ്രഹ്മണ്യനെ വീണ്ടും ഉപദ്രവിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സെക്യൂരിറ്റി ജീവനക്കാരും നാട്ടുകാരും തടയാൻ ശ്രമിച്ചെങ്കിലും പ്രതികൾ പിന്മാറിയില്ല. പ്രതിയായ ഗിരീഷിനെ നേരത്തെ ചില കാരണങ്ങളാൽ ബാറിൽ നിന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിലുള്ള പകയാകാം മർദനത്തിന് പിന്നിലെന്ന് സംശയിക്കുന്നു. എന്നാൽ ഗിരീഷുമായി വ്യക്തിപരമായി തനിക്ക് പ്രശ്നങ്ങളൊന്നുമില്ലായിരുന്നുവെന്ന് സുബ്രഹ്മണ്യൻ വ്യക്തമാക്കി.
മർദനത്തിൽ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റ സുബ്രഹ്മണ്യനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം ഇപ്പോൾ ചികിത്സയിൽ തുടരുകയാണ്. പഴയന്നൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണ്ണായക തെളിവാകും.