

ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് നാളെ (ജനുവരി 27, ചൊവ്വാഴ്ച) നടക്കും. ബാങ്കുകളുടെ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കണമെന്ന ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.
ചീഫ് ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിൽ ഇന്ന് നടന്ന രണ്ടാം ഘട്ട അനുരഞ്ജന ചർച്ചയും പരാജയപ്പെട്ടതോടെ പണിമുടക്കുമായി മുന്നോട്ട് പോകാൻ സംഘടന തീരുമാനിക്കുകയായിരുന്നു. രണ്ടാഴ്ച മുൻപ് നടന്ന ആദ്യ ചർച്ചയിലും തീരുമാനമായിരുന്നില്ല. രണ്ട് വർഷം മുൻപ് തന്നെ ബാങ്ക് അസോസിയേഷനുകളും യൂണിയനുകളും അഞ്ച് ദിവസത്തെ പ്രവൃത്തി ആഴ്ച എന്ന കാര്യത്തിൽ ധാരണയിലെത്തിയിരുന്നെങ്കിലും കേന്ദ്ര ധനമന്ത്രാലയം ഇതിന് ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല.
പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനത്തെയും ക്ലിയറിംഗ് നടപടികളെയും സാരമായി ബാധിച്ചേക്കാം. എന്നാൽ സ്വകാര്യ ബാങ്കുകളുടെ പ്രവർത്തനത്തിൽ വലിയ മാറ്റമുണ്ടാകാൻ സാധ്യതയില്ല. മാസാവസാനം നടക്കുന്ന പണിമുടക്ക് ആയതിനാൽ ശമ്പള വിതരണത്തെയും മറ്റ് ഇടപാടുകളെയും ഇത് ബാധിക്കുമോ എന്ന ആശങ്ക ഇടപാടുകാർക്കുണ്ട്.