ബാങ്ക് ഓഫ് ബറോഡ കേരളത്തില്‍ മൂന്ന് പുതിയ ശാഖകള്‍ കൂടി തുറന്നു

ബാങ്ക് ഓഫ് ബറോഡ കേരളത്തില്‍ മൂന്ന് പുതിയ ശാഖകള്‍ കൂടി തുറന്നു
Published on

കൊച്ചി: ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കുകളില്‍ ഒന്നായ ബാങ്ക് ഓഫ് ബറോഡയുടെ ശാഖാ വിപുലീകരണത്തിന്‍റെ ഭാഗമായി കേരളത്തില്‍ മൂന്ന് പുതിയ ശാഖകള്‍ കൂടി തുറന്നു. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്, കണ്ണൂര്‍ ജില്ലയിലെ ആലക്കോട്, കോട്ടയം ജില്ലയിലെ ചേര്‍പ്പുങ്കല്‍ എന്നിവിടങ്ങളിലാണ് പുതിയ ശാഖകള്‍. ഈ പുതിയ ശാഖകളിലൂടെ കേരളത്തിലെ ബാങ്കിന്‍റെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുകയും അതുവഴി ഈ മേഖലയിലെ ഉപഭോക്തൃ സേവനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യും.

പുതിയ ശാഖകളുടെ ഉദ്ഘാടനച്ചടങ്ങില്‍ ബാങ്ക് ഓഫ് ബറോഡയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജയ് വിനായക് മുദലിയാര്‍, ജനറല്‍ മാനേജരും എറണാകുളം സോണല്‍ ഹെഡുമായ ഡി. പ്രജിത് കുമാര്‍, റീജിയണല്‍ തലവന്‍മാര്‍, സാമൂഹിക നേതാക്കള്‍, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സോണിലെ ജീവനക്കാരുടെ പരിശീലന ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് 'ബറോഡ അക്കാദമി' യും ഉദ്ഘാടനം ചെയ്തു.

കേരളത്തില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനും കൂടുതല്‍ ശക്തിപ്പെടുത്താനും കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഉപഭോക്താക്കളിലേക്ക് ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ അടുത്തെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ ശാഖകള്‍. കൊല്ലങ്കോട്, ആലക്കോട്, ചേര്‍പ്പുങ്കല്‍ ശാഖകളിലൂടെ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും വ്യവസായ സമൂഹങ്ങള്‍ക്കും കൂടുതല്‍ സൗകര്യങ്ങളോടെ വ്യക്തിഗത സേവനങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് ബാങ്ക് ഓഫ് ബറോഡയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജയ് വിനായക് മുദലിയാര്‍ പറഞ്ഞു.

ബാങ്കിന് ഇപ്പോള്‍ കേരളത്തില്‍ ആകെ 245 ശാഖകളാണ് ഉള്ളത്. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ആവശ്യമായ എല്ലാവിധ സാമ്പത്തിക സേവനങ്ങളും പദ്ധതികളും ലഭ്യമാക്കിക്കൊണ്ട് പ്രാദേശിക സമൂഹങ്ങളുടെ വിവിധ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളം ശക്തമായ വളര്‍ച്ച കൈവരിക്കാനും സാന്നിധ്യം വര്‍ദ്ധിപ്പിക്കാനുമുള്ള ബാങ്കിന്‍റെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ വിപുലീകരണം.

Related Stories

No stories found.
Times Kerala
timeskerala.com