കൊച്ചി: രാജ്യത്തെ മുന്‍നിര പൊതുമേഖലാ ബാങ്കുകളില്‍ ഒന്നായ ബാങ്ക് ഓഫ് ബറോഡ തങ്ങളുടെ ബോബ് ഇ പേ യുപിഐ ആപ്പിലൂടെ ഈ രംഗത്ത് ആദ്യമായി വ്യക്തികള്‍ക്കിടയിലെ ഇ-റുപി ഡിജിറ്റല്‍ ഗിഫ്റ്റിങ് സേവനം ലഭ്യമാക്കി. നാഷണല്‍ പെയ്മെന്‍റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഇ-റുപി പ്ലാറ്റ് ഫോം വഴിയാണ് ഉപഭോക്താക്കള്‍ക്ക് വ്യക്തിഗതവും നിര്‍ദിഷ്ട ആവശ്യങ്ങള്‍ക്കായുമുള്ള ഡിജിറ്റല്‍ ഗിഫ്റ്റുകള്‍ ലഭ്യമാക്കുന്നത്. കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, മറ്റ് ഗുണഭോക്താക്കള്‍ എന്നിവര്‍ക്കായുള്ള ഈ പ്രീപെയ്ഡ് ഡിജിറ്റല്‍ വൗച്ചറുകള്‍ മുഖേന യുപിഐ പെയ്മെന്‍റുകള്‍ വിപുലവും കൂടുതല്‍ ആകര്‍ഷകവുമാക്കുന്നു. വിവിധ യുപിഐ സംവിധാനങ്ങളുമായി യോജിച്ചു പ്രവര്‍ത്തിക്കുന്ന വിധത്തിലാണ് ഈ സേവനം.
വിവിധ വിഭാഗങ്ങളിലെ സേവനങ്ങള്‍ക്കും ഉല്‍പന്നങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കാവുന്ന ലളിതവും സുരക്ഷിതവും ക്യാഷ്ലെസ്സ് ആയതുമായ പണമടക്കല്‍ സംവിധാനമാണ് ഇ-റുപി പി2പി ഡിജിറ്റല്‍ വൗച്ചര്‍. ഫൂഡ് വിഭാഗത്തിനു മാത്രമായി തുടക്കത്തില്‍ അവതരിപ്പിച്ച ഇത് കൂടുതല്‍ വിഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഇപ്പോള്‍ വിപുലമാക്കി. യുപിഐ സംവിധാനമുള്ള കച്ചവടക്കാരുടെ പക്കല്‍ ഈ വൗച്ചറുകള്‍ ലളിതമായി റിഡീം ചെയ്യാം. പ്രത്യേക സന്ദര്‍ഭങ്ങളിലേക്കായുള്ള സമ്മാനങ്ങള്‍ നല്‍കുന്നതിന് വളരെ മികച്ച ഓപ്ഷന്‍ കൂടിയായിരിക്കും ഇത്.
ഉപഭോക്താക്കള്‍ക്ക് ഒരു രൂപ മുതല്‍ 10,000 രൂപ വരെയുള്ള വൗച്ചറുകള്‍ നല്‍കാനാവും. ഈ വൗച്ചറുകള്‍ കൈമാറ്റം ചെയ്യാനാവാത്തതായിരിക്കും. നിശ്ചിത കാലാവധിക്കുളളില്‍ ഇവ റിഡീം ചെയ്തില്ലെങ്കില്‍ നല്‍കിയ ആള്‍ക്കു ഓട്ടോമാറ്റിക് ആയി പണം തിരികെ പോകുകയും ചെയ്യും. എത്ര വൗച്ചറുകള്‍ ഒരാള്‍ക്ക് നല്‍കാം എന്നതിനു പരിധിയില്ലെങ്കിലും ഇത് പ്രതിദിന യുപിഐ ഇടപാടുകളുടെ പരിധിക്കു വിധേയമായിരിക്കും.
ഈ മേഖലയില്‍ ഇതാദ്യമായി ഇ-റുപി പി2പി ഡിജിറ്റല്‍ ഗിഫ്റ്റിങ് സംവിധാനം അവതരിപ്പിക്കുക വഴി യുപിഐയിലൂടെ പുതുമകളും ഉപഭോക്തൃ കേന്ദ്രീകൃതവുമായ സേവനങ്ങളും അവതരിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയാണ് ബാങ്ക് ഓഫ് ബറോഡ തുടരുന്നതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജയ് മുതലിയാര്‍ ചൂണ്ടിക്കാട്ടി. സമ്മാനങ്ങള്‍ നല്‍കുന്നതിനുള്ള സുരക്ഷിതവും സ്വകാര്യവുമായ ഒരു മാര്‍ഗമാണ് ഈ ഡിജിറ്റല്‍ വൗച്ചറുകള്‍. യുപിഐ, ഇ-റുപി എന്നിവയുടെ ഉപയോഗം വിപുലമാക്കുന്നതോടെ ഡിജിറ്റല്‍ പണമടക്കലുകള്‍ കൂടുതല്‍ വിപുലമായി സ്വീകരിക്കപ്പെടുന്നതിലേക്കുള്ള പാതയാണു തങ്ങള്‍ തുറക്കുന്നത്. കൂടുതല്‍ ചടുലമായ ഡിജിറ്റല്‍ പെയ്മെന്‍റ് സംവിധാനങ്ങള്‍ അവതരിപ്പിച്ച് ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ സേവനങ്ങള്‍ നല്‍കാനുള്ള ബാങ്കിന്‍റെ ശ്രമങ്ങള്‍ കൂടിയാണ് ഇവിടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുരക്ഷിതവും തടസങ്ങളില്ലാത്തതും ഉപഭോക്തൃസൗഹൃദപരവുമായ തല്‍ക്ഷണ പെയ്മെ ന്‍റ് സൗകര്യങ്ങള്‍, മൊബൈല്‍ റീചാര്‍ജുകള്‍, ബില്ലടക്കലുകള്‍ തുടങ്ങിയവ ബാങ്ക് അക്കൗണ്ടുകളും ഏതു ബാങ്കിന്‍റെയും ക്രെഡിറ്റ് കാര്‍ഡുകളും ബന്ധിപ്പിക്കുന്നതു വഴി ബോബ് ഇ-റുപി യുപിഐ പെയ്മെന്‍റ് ആപ്പ് ലഭ്യമാക്കുന്നു. അന്താരാഷ്ട്ര യുപിഐ സേവനങ്ങള്‍ അവതരിപ്പിക്കുക വഴി ബോബ് ഇ-റുപി ആഗോള തലത്തിലേക്കും സേവനങ്ങളെത്തിക്കുകയാണ്. യുഎസ്എ, ഫ്രാന്‍സ്, സിംഗപ്പൂര്‍, മൗറീഷ്യസ്, യുഎഇ, ശ്രീലങ്ക, ഭൂട്ടാന്‍, നേപ്പാള്‍ എന്നീ എട്ടു രാജ്യങ്ങളിലേക്ക് ഡിജിറ്റല്‍ പേയ്മെന്‍റുകള്‍ സുഗമമായി നടത്താന്‍ അവസരമൊരുക്കിയതും പ്രവാസികള്‍ക്കായുള്ള യുപിഐ സേവനങ്ങള്‍, സിംഗപൂരിലെ നിവാസികള്‍ക്ക് വിദേശ നാണ്യം രാജ്യത്തേക്ക് അയക്കാന്‍ സംവിധാനം ഒരുക്കിയതും ഇതിന്‍റെ ഭാഗമാണ്.