തൃശ്ശൂർ: കൊലപാതകമടക്കം 53 ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പോലീസിന്റെ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. തമിഴ്‌നാട് വിരുതനഗർ ജില്ലയിലെ ബന്ദൽക്കുടി സ്റ്റേഷനിലെ എസ്.ഐ. നാഗരാജൻ ഉൾപ്പെടെയുള്ള മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്.(Balamurugan's escape from custody incident, 3 Tamil Nadu police officers including SI suspended)
ബാലമുരുകനെ കണ്ടെത്താനുള്ള അന്വേഷണം നിലവിൽ തമിഴ്‌നാട് പോലീസിലെ ക്യൂ ബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. രക്ഷപ്പെട്ടത് വിയ്യൂരിലെ പെട്രോൾ പമ്പിനടുത്ത് നിന്ന് ആണ്. നവംബർ 3 ന് രാത്രി 9:40-ഓടെയാണ് ബാലമുരുകൻ തമിഴ്‌നാട് പോലീസിന്റെ പിടിയിൽ നിന്ന് ഓടി രക്ഷപ്പെട്ടത്.
കോടതിയിൽ ഹാജരാക്കിയശേഷം എസ്.ഐ. നാഗരാജനും രണ്ട് പോലീസുകാരും ചേർന്ന് രാത്രി 9:45-ഓടെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് എത്തിക്കുകയായിരുന്നു. ജയിലിന് മുന്നിലെ പെട്രോൾ പമ്പിന് സമീപം വെച്ച്, മൂത്രമൊഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടതിനെത്തുടർന്ന് വാഹനം നിർത്തി. ഈ തക്കത്തിൽ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
ആദ്യം ജയിൽ വളപ്പിലെ മതിൽ ചാടി പച്ചക്കറി കൃഷി സ്ഥലത്തേക്കാണ് ബാലമുരുകൻ പോയത്. ഒരു മണിക്കൂർ വൈകിയാണ് തമിഴ്‌നാട് പോലീസ് വിയ്യൂർ പോലീസിൽ വിവരമറിയിച്ചത്. സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം വിയ്യൂർ പ്രദേശത്ത് പോലീസ് വൻ തിരച്ചിൽ ആരംഭിച്ചു. ജയിലിന് എതിർവശത്തുള്ള ഹൗസിംഗ് കോളനി ഭാഗത്ത് പുലർച്ചെ 3 മണിയോടെ പ്രതിയെ കണ്ടെങ്കിലും, ചതുപ്പു നിറഞ്ഞ പാടശേഖരത്തിലൂടെ ഓടി ഇയാൾ രക്ഷപ്പെട്ടു.
പ്രതി രക്ഷപ്പെട്ട സംഭവത്തിൽ മൂന്ന് തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും വിയ്യൂർ പോലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ രണ്ട് തവണ തടവുചാടിയ ചരിത്രമുള്ള ബാലമുരുകനെ മതിയായ സുരക്ഷയൊരുക്കാതെ കൊണ്ടുവന്നതിൽ വലിയ ആക്ഷേപവും വിമർശനവും ഉയരുന്നുണ്ട്.
കഴിഞ്ഞ മെയ് മാസത്തിലും സമാന രീതിയിൽ ബാലമുരുകൻ രക്ഷപ്പെട്ടിരുന്നു. തമിഴ്‌നാട്ടിൽ തെളിവെടുപ്പ് നടത്തി തിരിച്ചുവരും വഴി വിയ്യൂർ ജയിലിന്റെ തൊട്ടടുത്ത് വെച്ച് പോലീസ് വാനിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. അന്ന് പാമ്പൂർ മേഖലയിലെ ഒരു വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് കോയമ്പത്തൂർ ഭാഗത്തേക്ക് കടന്നുകളഞ്ഞ ഇയാളെ വിയ്യൂർ പോലീസ് പിന്നീട് പിടികൂടിയിരുന്നു.
2023-ൽ മറയൂരിൽ നടത്തിയ മോഷണത്തെ തുടർന്നാണ് ബാലമുരുകനെ വിയ്യൂരിലേക്ക് മാറ്റിയത്. 2021-ൽ തമിഴ്‌നാട്ടിലെ കേസുമായി ബന്ധപ്പെട്ട് കേരള പോലീസ് മറയൂരിൽനിന്ന് ഇയാളെ പിടികൂടി തമിഴ്‌നാട് പോലീസിന് കൈമാറിയിരുന്നു. ജയിൽ മോചിതനായശേഷം പ്രതികാരം തീർക്കാൻ മറയൂരിൽ എത്തി തുടർ മോഷണങ്ങൾ നടത്തുകയായിരുന്നു ഇയാൾ.