തൃശ്ശൂർ: തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകൻ സ്കൂട്ടറിലാണ് രക്ഷപ്പെട്ടതെന്ന് സൂചന. ബാലമുരുകൻ രക്ഷപ്പെട്ട വിയ്യൂർ മണലാർ കാവിൽ നിന്ന് കടുംനീല നിറത്തിലുള്ള ഒരു ആക്ടിവ സ്കൂട്ടർ മോഷണം പോയതായി പരാതി ലഭിച്ചിട്ടുണ്ട്. ഈ സ്കൂട്ടറിലാണോ പ്രതി കടന്നുകളഞ്ഞതെന്ന സംശയത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.(Balamurugan escaped on a scooter, Search underway)
വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്ത് നിന്നാണ് 45 വയസുള്ള ബാലമുരുകൻ രക്ഷപ്പെട്ടത്. കവർച്ച, കൊലപാതക ശ്രമം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് ബാലമുരുകൻ.
തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയിൽ, വിരുനഗറിലെ കോടതിയിൽ ഹാജരാക്കി വിയ്യൂരിലേക്ക് തിരികെ കൊണ്ടുവരുന്നതിനിടെയാണ് രക്ഷപ്പെട്ടത്. ജയിലിന്റെ മുമ്പിൽ വെള്ളം വാങ്ങാൻ നിർത്തിയപ്പോൾ കാറിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു.
ബാലമുരുകനെ കസ്റ്റഡിയിൽ കൊണ്ടുവന്നതിൽ തമിഴ്‌നാട് പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതിന് കൂടുതൽ തെളിവുകൾ പുറത്തുവന്നു. ആലത്തൂരിലെ ഹോട്ടലിൽ ബാലമുരുകനെ തമിഴ്‌നാട് പോലീസ് കൈവിലങ്ങില്ലാതെയാണ് എത്തിച്ചതെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
പ്രതിയുടെ വസ്ത്രത്തെക്കുറിച്ചും പോലീസ് നൽകിയത് തെറ്റായ വിവരമായിരുന്നു. കഴിഞ്ഞ മേയിലും ബാലമുരുകൻ തമിഴ്‌നാട് പോലീസ് വാഹനത്തിൽ നിന്ന് സമാനമായ രീതിയിൽ രക്ഷപ്പെട്ടിരുന്നു. അന്നും മോഷ്ടിച്ച ബൈക്കിലാണ് ഇയാൾ കടന്നുകളഞ്ഞത്. ഈ സാഹചര്യത്തിൽ ബൈക്ക് മോഷണം റിപ്പോർട്ട് ചെയ്താൽ ഉടൻ പോലീസിനെ അറിയിക്കണമെന്ന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂട്ടർ മോഷണ വിവരം പുറത്തുവരുന്നത്. ബാലമുരുകനെ കണ്ടെത്താൻ തൃശ്ശൂരിൽ വ്യാപകമായ തിരച്ചിൽ തുടരുകയാണ്