തൃശൂർ: തൃശൂർ വിയ്യൂർ ജയിൽ പരിസരത്തുനിന്നും രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകൻ തമിഴ്‌നാട്ടിലെ തെങ്കാശിയിൽ എത്തിയതായി റിപ്പോർട്ട്. ഭാര്യയെ കാണാൻ വേണ്ടിയാണ് തെങ്കാശിയിലെ കടയത്തിനു സമീപം ഇയാൾ എത്തിയത്. അമ്പതോളം വരുന്ന തമിഴ്നാട് പോലീസ് സംഘം പിടികൂടാൻ ശ്രമിച്ചെങ്കിലും, ബാലമുരുകൻ കുന്നിൻ മുകളിലേക്ക് ഓടി രക്ഷപ്പെട്ടു.(Balamurugan escaped from prison in Thenkashi)
കൊലപാതകം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയായ തെങ്കാശി സ്വദേശിയാണ് ബാലമുരുകൻ. ആട് മേയ്ക്കുന്നവരുടെ വേഷത്തിൽ മുണ്ടും ഷർട്ടും ധരിച്ചാണ് ഇയാൾ എത്തിയത്. കഴിഞ്ഞ രാത്രിയിലായിരുന്നു പോലീസും ബാലമുരുകനും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നത്. അമ്പതോളം വരുന്ന തമിഴ്നാട് പോലീസ് സംഘം പിടികൂടാൻ ശ്രമിച്ചപ്പോൾ, ബാലമുരുകൻ തെങ്കാശി ജില്ലയിലെ കടയത്തിനു സമീപത്തെ കുന്നിൻ മുകളിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. പിന്തുടർന്ന് പോയ പോലീസ് സംഘത്തിന് ഇയാളെ പിടികൂടാൻ കഴിഞ്ഞില്ല.
ബാലമുരുകനെ പിന്തുടർന്ന് മലകയറിയ അഞ്ച് പോലീസുകാർ ഏറെ നേരം താഴെയിറങ്ങാൻ കഴിയാതെ കുടുങ്ങിക്കിടന്നു. ഒടുവിൽ, ഇന്ന് രാവിലെ ഫയർഫോഴ്സ് എത്തിയാണ് കുടുങ്ങിയ പോലീസുകാരെ താഴെ ഇറക്കിയത്. ഇന്ന് നേരം വെളുക്കുവോളം പോലീസ് സംഘം ബാലമുരുകനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ പെയ്ത മഴ തിരച്ചിൽ ശ്രമം ദുഷ്കരമാക്കി. ബാലമുരുകൻ മലയിൽ തന്നെ ഉണ്ട് എന്നാണ് തമിഴ്നാട് പോലീസിൻ്റെ നിഗമനം.
കഴിഞ്ഞ മാസം ബന്തക്കുടിയിലെ കേസുമായി ബന്ധപ്പെട്ട് വിയ്യൂർ ജയിലിൽ നിന്ന് തമിഴ്‌നാട് പോലീസ് ബാലമുരുകനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയിരുന്നു. കോടതി നടപടികൾക്ക് ശേഷം തിരികെ ജയിലിലെത്തിക്കാനുള്ള യാത്രയിലാണ് ഈ കൊടുംക്രിമിനൽ രക്ഷപ്പെട്ടത്