തൃശ്ശൂർ: കൊടും കുറ്റവാളി ബാലമുരുകൻ പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ തമിഴ്‌നാട് പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതിന് കൂടുതൽ തെളിവുകൾ പുറത്തുവന്നു. ബാലമുരുകനുമായി തമിഴ്‌നാട് പോലീസ് തൃശ്ശൂരിലെ ആലത്തൂരിലെ ഹോട്ടലിൽ എത്തിയത് വിലങ്ങില്ലാതെയാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.( Balamurugan escape from custody, Tamil Nadu police brought the accused to a hotel without handcuffs)
സിസിടിവി ദൃശ്യങ്ങൾ പ്രകാരം, ബാലമുരുകൻ കൈവിലങ്ങോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെയാണ് ഹോട്ടലിലേക്ക് നടന്നു കയറുന്നത്. ഇതാണ് രക്ഷപ്പെടാൻ അവസരമൊരുക്കിയതെന്നാണ് സൂചന.
ബാലമുരുകൻ ധരിച്ചിരുന്ന വസ്ത്രങ്ങളെക്കുറിച്ചും തമിഴ്‌നാട് പോലീസ് തെറ്റായ വിവരമാണ് നൽകിയത്. പോലീസ് നൽകിയ വിവരം കറുത്ത ഷർട്ടും വെള്ളമുണ്ടും എന്നാണ്. എന്നാൽ, സിസിടിവി ദൃശ്യങ്ങളിൽ ബാലമുരുകൻ ഇളം നിറത്തിലുള്ള ഷർട്ടാണ് ധരിച്ചിരിക്കുന്നത്.
തമിഴ്‌നാട് പോലീസിന്റെ അനാസ്ഥയാണ് ഈ കൊടും കുറ്റവാളി രക്ഷപ്പെടാൻ കാരണമായതെന്ന ആരോപണങ്ങൾക്ക് ശക്തി പകരുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. നിലവിൽ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട ബാലമുരുകനായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.